തിരുവനന്തപുരം: കേരളതീരത്തും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍, കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.
മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ, കേരള തീരത്ത് നിന്നും ആരും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post Your Comments