കൊച്ചി: തുടർച്ചയായി ഗതാഗതനിയമങ്ങൾ ലംഘിച്ച് ശിക്ഷിക്കപ്പെടുന്നവർക്ക് പോലീസിൽ നിയമനം നൽകില്ല. പോലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പുതിയ തീരുമാനം. ഉന്നത പൊലീസ് യോഗത്തിലാണ് ഇതിന് തീരുമാനമായത്.
പി.എസ്.സി. പരീക്ഷയിൽ ജയിച്ചാലും മൂന്നു പ്രാവശ്യം നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടവരാണെങ്കിൽ നിയമനം ലഭിക്കില്ല. ഇതിനായുള്ള ചട്ടഭേദഗതിയെ കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. കഴിഞ്ഞ പോലീസ് ഡൈ്രവർ തസ്തിയിലേക്ക് യോഗ്യത നേടിയ 59 പേരെ കുറിച്ച് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗത്തിൽ വാഹനമോടിച്ചതിനുമൊക്കെ പിഴയടിച്ചവരാണ്.
പോലീസ് കോൺസ്റ്റബിൾ, പോലീസ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യത നേടിയാൽ ഉദ്യോഗാർത്ഥിയെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. ക്രിമിനൽ കേസിൽ പ്രതികളാണെങ്കിൽ നിയമനം നൽകില്ല. പക്ഷെ, മോട്ടോർവാഹന നിയമ ലംഘനത്തിന് ശിക്ഷിച്ചാൽ നിയമനം നൽകാൻ പാടില്ലെന്ന് കേരള പോലീസ് നിയമത്തിന്റെ ചട്ടത്തിൽ വ്യവസ്ഥയുണ്ടായിരുന്നില്ല. അതിനാൽ ശിക്ഷക്കപ്പെട്ട പലർക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചു.
ഗതാഗത നിയമ ലംഘനം നടത്തിയാൽ പിടിക്കേണ്ട പോലീസുകാർ തന്നെ ഇത്തരം നിയമലംഘകരാകുന്നത് ശരിയല്ലെന്നായിരുന്നു ഭൂരിപക്ഷം ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം. ഇത്തരത്തിൽ മോട്ടോർ നിയമം മൂന്നിലധികം പ്രാവശ്യം ലംഘിക്കുന്നവക്ക് നിയമനം നൽകരുതെന്ന് ഡി.ജി.പി. അനിൽകാന്ത് നിർദ്ദേശിച്ചു. ഇത്തരത്തിലുള്ള ചട്ട ഭേദഗതിയാക്കി ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ.പത്മകുമാറിൻറെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു. സർക്കാരിനും പി.എസ്.സിക്കും ചട്ടഭേഗതിക്കുള്ള ശുപാർശ സമിതി സമർപ്പിക്കും.
Post Your Comments