YouthLatest NewsKeralaNewsLife StyleHealth & Fitness

‘പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ച ഒരു ടീച്ചറും ഉപകാരപ്രദമായ ഈ കാര്യങ്ങളൊന്നും പഠിപ്പിച്ചില്ല’:വൈറൽ കുറിപ്പ്

'തിന്ന് മരിക്കുന്ന മലയാളി! പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ച ഒരു ടീച്ചറും ഉപകാരപ്രദമായ കാര്യങ്ങളൊന്നും പഠിപ്പിച്ചില്ല': വൈറൽ കുറിപ്പ്

ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മെനു കാർഡിൽ വരുന്ന കാലം വരുമെന്ന് മുരളി തുമ്മാരുക്കുടി മുൻപൊരിക്കൽ എഴുതിയിരുന്നു. മലയാളികളുടെ മാറുന്ന ഭക്ഷണ വിഭവങ്ങളെ കുറിച്ച് അദ്ദേഹമെഴുതിയ പോസ്റ്റ് വീണ്ടും ഫേസ്‌ബുക്കിൽ ചർച്ചയാകുന്നു. പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്നും പശുവിന്റെ ആമാശയത്തിന് എത്ര അറകൾ ഉണ്ടെന്നും പഠിപ്പിച്ച ഒരു ബയോളജി ടീച്ചറും ഉപകാരപ്രദമായ പലതും തന്നെ പഠിപ്പിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വൈറൽ പോസ്റ്റ് ഇങ്ങനെ:

വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടി ചോറ്, ബിരിയാണി, പോത്തും കാല്, ഷാപ്പിലെ കറി, കുഴിമന്തി, ബ്രോസ്റ്റഡ് ചിക്കൻ

കേരളത്തിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന ബോർഡുകളാണ്…

മലയാളികളുടെ ഭക്ഷണ വിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുകയാണ്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി ബാംഗ്ളൂരിലും ദുബായിലുമുള്ള മലയാളികൾ നാട്ടിലെത്തിയതോടെ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ബർഗറും പിസയും കിട്ടിത്തുടങ്ങിയിരിക്കുന്നു.

എൻറെ ചെറുപ്പകാലത്ത് പഞ്ഞമാസവും പട്ടിണിയും ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ദേശിയും വിദേശിയുമായ ഭക്ഷണ ശാലകൾ ഉണ്ടാകുന്നതും അതിലെല്ലാം ആളുകൾ വന്നു നിറയുന്നതും വളരെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാൻ.

പക്ഷെ ഭക്ഷണത്തെ പറ്റിയുള്ള നമ്മുടെ അജ്ഞതയും അമിതമായി നമ്മൾ കഴിക്കുന്ന ഭക്ഷണവും എനിക്ക് ഒട്ടും സന്തോഷം തരുന്നില്ല. ഉദാഹരണത്തിന് ഹോട്ട് ഡോഗ്, ഹാം, സോസേജ് എന്നിങ്ങനെ പ്രോസെസ്സഡ് ഇറച്ചി കാൻസർ ഉണ്ടാക്കുമെന്ന് കൃത്യമായി തെളിവുള്ള ഗ്രൂപ്പ് 1 ലാണ് ലോകാരോഗ്യ സംഘടന പെടുത്തിയിട്ടുള്ളത്. പുകവലിയും ആസ്ബെസ്റ്റോസും ഈ ഗ്രൂപ്പിൽ തന്നെയാണ്.

Also Read:യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി

ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ റെഡ് മീറ്റ് കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഗ്രൂപ്പ് 2 ലാണ് ലോകാരോഗ്യ സംഘടന പെടുത്തിയിട്ടുള്ളത്. പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്നും പശുവിൻറെ ആമാശയത്തിന് എത്ര അറകൾ ഉണ്ടെന്നും എന്നെ പഠിപ്പിച്ച ഒരു ബയോളജി ടീച്ചറും ഉപകാരപ്രദമായ ഇക്കാര്യങ്ങളൊന്നും എന്നെ പഠിപ്പിച്ചില്ല. ഇപ്പോഴത്തെ കുട്ടികളെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടെന്ന് അവരുടെ തീറ്റ കണ്ടിട്ട് തോന്നുന്നുമില്ല.

ഞാൻ ഇപ്പോൾ മാംസാഹാരത്തിനെതിരെ തിരിഞ്ഞിരിക്കയാണെന്നൊന്നും ആരും വിചാരിക്കേണ്ട. പഞ്ചാബി ധാബയിൽ കിട്ടുന്ന അമിതമായ എണ്ണയും മസാലയും ചേർത്ത വെജിറ്റേറിയൻ ഭക്ഷണവും മലയാളികൾക്ക് കൂടുതൽ പരിചിതമായി വരുന്ന ബംഗാളി സ്വീറ്റ്‌സും രോഗങ്ങൾ നമുക്ക് സമ്മാനിക്കുവാൻ കഴിവുള്ളതാണ്.

മറുനാടൻ ഭക്ഷണമാണ് എൻറെ ടാർഗറ്റ് എന്നും വിചാരിക്കേണ്ട. ചെറുപ്പകാലത്ത് വീട്ടിലെ ചട്ടിയിൽ ബാക്കി വന്ന മീൻകറിയിൽ കുറച്ചു ചോറിട്ട് ഇളക്കി കഴിച്ചതിന്റെ ഓർമ്മയിൽ ഇപ്പോൾ ബ്രാൻഡ് ആയി മാറിയ “ചട്ടിച്ചോറ്” നാം കഴിക്കുന്നത് ചെറുപ്പകാലത്ത് നമുക്ക് ലഭിച്ച ചെറിയ അളവിലല്ല. ചട്ടിച്ചോറും വീട്ടിലെ ഊണും കല്യാണ സദ്യയും ഭക്ഷണത്തിന്റെ ഗുണത്തിലല്ല അളവിലാണ് നമുക്ക് ശത്രുവാകുന്നത്. ഈ കൊറോണക്കാലത്ത് ലോകം മുഴുവൻ ഒരു ബേക്കിങ്ങ് വിപ്ലവത്തിലൂടെ കടന്നു പോയി, കേരളവും അതിന് അതീതമായിരുന്നില്ല. ഓരോ വീട്ടിലും കേക്കും പേസ്‌ട്രിയും ഉണ്ടാക്കുന്ന തിരക്കാണ്. ചെറിയ നഗരങ്ങളിൽ പോലും കേക്ക് മിക്‌സും ബേക്കിങ്ങിനുള്ള പാത്രങ്ങളും ലഭിക്കുന്നു.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പ്രതികൾ അറസ്റ്റിൽ

പിറന്നാളിനും ക്രിസ്തുമസിനും മാത്രം കഴിച്ചിരുന്ന കേക്കുകൾ ഇപ്പോൾ ആഴ്ചയിൽ ഒന്നിൽ കൂടുതൽ എന്ന നിലയിലേക്ക് വന്നിരിക്കുന്നു. ഭക്ഷണ രംഗത്ത് ഉണ്ടായിരിക്കുന്ന ഈ മാറ്റങ്ങൾ ഞാൻ ഉൾപ്പെടുന്ന മലയാളികളെ രോഗങ്ങളുടെ പിടിയിലേക്കാണ് തള്ളിവിടുന്നത് എന്നതിൽ ഒരു സംശയവും വേണ്ട. ഇപ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സമൂഹമാണ് കേരളത്തിലേത്. മലയാളികൾ കൂടുതൽ കാലം ജീവിക്കുന്നു എന്നതും അസുഖം ഉണ്ടായാൽ ചികിത്സ തേടുന്നു എന്നതുമൊക്കെ ഈ കണക്കിന് അടിസ്ഥാനമാണെങ്കിലും ജീവിത രോഗങ്ങൾ നമ്മുടെ സമൂഹത്തെ കീഴടക്കുകയാണെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.

കൊറോണയുടെ പിടിയിൽ നിന്നും നാം മോചനം നേടുകയാണ്. 2021 പകുതി കഴിയുന്പോൾ കൊറോണ നമുക്കൊരു വിഷയമാകില്ല. പക്ഷെ ജീവിതശൈലീ രോഗങ്ങൾ ഇവിടെ ഉണ്ടാകും. കൊറോണക്കാലത്ത് നമ്മൾ ഊട്ടിയുറപ്പിച്ച, ശീലിച്ചെടുത്ത ഭക്ഷണ ശീലങ്ങൾ അതിനെ വർധിപ്പിക്കും. ഇതിന് തടയിട്ടേ തീരൂ. നമ്മുടെ സർക്കാരും ഡോക്ടർമാരുടെ സംഘടനകളും സാമൂഹ്യ സംഘടനകളും ഇക്കാര്യത്തിൽ കൂടുതൽ താല്പര്യം കാണിക്കണം.

1. ശരിയായ ഭക്ഷണ ശീലത്തെപ്പറ്റിയുള്ള അറിവ് ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ പടി. സ്‌കൂളുകളിൽ തന്നെ ഈ വിഷയം പഠിപ്പിക്കണം. ഓരോ റെസിഡന്റ് അസോസിയേഷനിലും ഈ വിഷയം ചർച്ചാ വിഷയമാക്കണം.

2. നമ്മുടെ ആശുപത്രികളിൽ ശരിയായ പരിശീലനം നേടിയ ഡയറ്റിഷ്യന്മാരെ നിയമിക്കണം. ഉള്ള ഡയറ്റീഷ്യന്മാർക്ക് മറ്റു ജോലികൾ കൊടുക്കുന്നത് നിർത്തി സമൂഹത്തിൽ ആരോഗ്യ രംഗത്ത് അവബോധം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം നൽകണം. ഈ കൊറോണക്കാലത്ത് എങ്ങനെയാണോ നമ്മൾ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ വില അറിഞ്ഞത് അതുപോലെ ഡയറ്റീഷ്യന്മാരുടെ അറിവും കഴിവും നമ്മൾ ശരിയായി ഉപയോഗിക്കണം.

3. ഉഴുന്ന് വട മുതൽ കുഴിമന്തി വരെ നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറി വിലയോടൊപ്പം മെനുവിൽ ലഭ്യമാക്കണമെന്ന് നിയമപൂർവ്വം നിർബന്ധിക്കണം.

4. റസ്റ്റോറന്റുകൾ പ്ളേറ്റ് നിറയെ ഭക്ഷണം കൊടുക്കുന്നതിന് പകരം ആരോഗ്യകരമായ അളവിലും ആകർഷകമായും ഭക്ഷണം നല്കാൻ ശ്രമിക്കണം. ഇക്കാര്യത്തിൽ ഹോട്ടൽ, റെസ്റ്റോറന്റ്, കാറ്ററിങ് അസോസിയേഷനുകളെ വിശ്വാസത്തിൽ എടുക്കണം.

5. ഓരോ മെനുവിലും “ഹെൽത്തി ഓപ്‌ഷൻ” എന്ന പേരിൽ കുറച്ചു ഭക്ഷണം എങ്കിലും ഉണ്ടാകണം എന്നത് നിർബന്ധമാക്കണം.

Also Read:ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

6. അനാരോഗ്യമായ ഭക്ഷണങ്ങൾക്ക് “fat tax” കേരളത്തിൽ പരീക്ഷിച്ചതാണ്, പക്ഷെ ഇതിന്റെ തോത് കുറഞ്ഞതിനാൽ വേണ്ടത്ര ഫലം ഉണ്ടായില്ല. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ ആളെക്കൊല്ലുന്ന അളവിൽ ഭക്ഷണ വിഭവങ്ങൾ കിട്ടുന്ന നാടാണ് നമ്മുടേത്. ഇവിടെ അനാരോഗ്യകരമായ ഭക്ഷണത്തിനോ അനാരോഗ്യകരമായ അളവിൽ കഴിക്കുന്ന ഭക്ഷണത്തിനോ വില പല മടങ്ങ് വർധിപ്പിച്ചേ പറ്റൂ.

7. നമ്മുടെ സാമൂഹ്യ ജീവിതത്തിൽ സോഷ്യലൈസിങ്ങിന് സമൂഹം അംഗീകരിച്ച ഒറ്റ മാർഗ്ഗമേ ഉള്ളൂ, തീറ്റ. ബന്ധുക്കളെയും സ്വന്തക്കാരെയും സുഹൃത്തുക്കളെയും തീറ്റിച്ചു കൊല്ലാൻ നാം പരസ്പരം മത്സരിക്കുകയാണ്. ഇത് മാറ്റിയെടുക്കണം.

8. ഓരോ പഞ്ചായത്തിലും (മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും) ഹാപ്പിനെസ്സ് ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കണം. അവിടെ ഡയറ്റീഷ്യൻ, ലൈഫ് കോച്ച്, ഫിസിക്കൽ ട്രെയിനർ എന്നിവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. ആരോഗ്യകരമായ ശീലങ്ങൾ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നത് ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി നാം ഏറ്റെടുക്കണം.

9 . കേരളത്തിലെ ഓരോ വാർഡിലും വ്യായാമത്തിനുള്ള ഒരു ഫെസിലിറ്റി എങ്കിലും ഉണ്ടായിരിക്കണം. വിദേശത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഓപ്പൺ ജിം, അതും സ്ത്രീകൾക്കും കുട്ടികൾക്കും ഏത് സമയത്തും സുരക്ഷിതമായി വരാവുന്നത്, കേരളത്തിൽ എല്ലായിടത്തും കൊണ്ടുവരണം. നന്നായി ഫാറ്റ് ടാക്സ് വാങ്ങിയാൽ തന്നെ ഇതിനുള്ള പണം കിട്ടും.

10. സമീപകാലത്തൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ജനപ്രിയത ഉള്ള ഒരു ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. ആരോഗ്യ രംഗത്തെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിത രീതി നമ്മുടെ ജനങ്ങളെ പഠിപ്പിക്കാൻ ബഹുമാനപ്പെട്ട മന്ത്രി മുൻകൈ എടുക്കണം. പത്തു വർഷത്തിനകം നമ്മുടെ ആരോഗ്യ ബഡ്ജറ്റിന്റെ പകുതിയും ആരോഗ്യത്തോടെ ജീവിക്കാൻ ആളുകളെ പഠിപ്പിക്കാനും അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനും നമ്മൾ ചിലവാക്കണം.

ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ ഇതൊന്നും ചെയ്യാതെ മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചിരിക്കാനാണ് നമുക്കെല്ലാവർക്കും ഇഷ്ടം. പക്ഷെ ഈ പോക്ക് പോയാൽ പത്തു വർഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോൾ സിഗരറ്റ് പാക്കറ്റുകളിൽ ഉള്ളതുപോലെ നമ്മുടെ ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മെനു കാർഡിൽ വരുന്ന കാലം വരും. അത് വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button