
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടി വിചാരണാ കോടതി. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. കേസിലെ തുടരന്വേഷണ രേഖകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചെന്ന് വിചാരണാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
രാവിലെ 11 മണിയോടെ, ബൈജു പൗലോസ് കോടതിയിലെത്തി വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിലാണ് കോടതിക്ക് അതൃപ്തി. മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ക്രൈംബ്രാഞ്ച് എഡിജിപി തന്നെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ പക്കലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.
ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയില്‍ ഈ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങള്‍ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ടെന്നും, അതിനാല്‍ ഉടന്‍ ഇത് കോടതിക്ക് കൈമാറാന്‍ ഡിവൈഎസ്പി ബിജു പൗലോസിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഹര്‍ജി നല്‍കി. ദിലീപിന്റേതെന്ന തരത്തിലുള്ള ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള ശബ്ദരേഖയും കഴിഞ്ഞ ദിവസം ചാനലുകൾ പുറത്തുവിട്ടിരുന്നു. ഇത് കൂടാതെ മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനവികാരം തങ്ങൾക്കെതിരെ ഉയർത്താൻ ശ്രമിക്കുകയാണെന്നും സുരാജ് ഹർജിയിൽ പറയുന്നു. നേരത്തെ, ദിലീപും ഇതേ ആവശ്യം ഉന്നയിച്ചു ഹർജി നൽകിയിരുന്നു.
Post Your Comments