മാനന്തവാടി: മാനന്തവാടി സബ് ആർ.ടി.സി. ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഓഫീസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയർന്നിരുന്നു. മാത്രമല്ല സിന്ധുവിൻറെ ആത്മഹത്യാ കുറിപ്പിലും, പോലീസ് പിന്നീട് മുറിയില്‍ നിന്നും കണ്ടെടുത്ത ഡയറി കുറിപ്പുകളിലും ചില ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്.
അന്വേഷണത്തിൻറെ ഭാഗമായി വയനാട് ആര്‍ടിഒ ഇ മോഹന്‍ദാസ്, മാനന്തവാടി ജോയിന്റ് ആര്.ടി.ഒ. വിനോദ് കൃഷ്ണ തുടങ്ങിയവരിൽ നിന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം ലഭിച്ച ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയിൽ നിന്നും മൊഴി എടുത്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments