Latest NewsKeralaNews

എന്റെ കേരളം മെഗാ എക്‌സിബിഷന്‍ മെയ് 7 മുതല്‍ 15 വരെ മറൈന്‍ഡ്രൈവില്‍

കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം മെഗാ എക്‌സിബിഷന്‍ മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും. 15ന് വൈകിട്ട് 5ന് മറൈന്‍ ഡ്രൈവിലെ വേദിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം ചതുരശ്ര അടി വിസ്താരത്തില്‍ ഒരുക്കുന്ന മെഗാ പ്രദര്‍ശന മേളയില്‍ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാളുകള്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയിലും സംസ്ഥാനത്തും ഉണ്ടായ നേട്ടങ്ങള്‍, കേരളത്തിന്റെ ചരിത്രം, അഭിമാന നേട്ടങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തീം ഏരിയ, കേരളത്തിന്റെ 10 വ്യത്യസ്ത അനുഭവങ്ങള്‍ റീക്രിയേറ്റ് ചെയ്യുന്ന കേരളത്തെ അറിയാം എന്ന ടൂറിസം ഏരിയ എന്നിവ ഉണ്ടാകും. 150 വിപണന സ്റ്റാളുകള്‍, വകുപ്പുകളുടെ 100 സ്റ്റാളുകള്‍, സര്‍വീസ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കും. മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സഹകരണം ഉറപ്പാക്കണമെന്ന് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കി. മേളയോടനുബന്ധിച്ച് ഓരോ വകുപ്പുകളും പൂര്‍ത്തിയാക്കേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ കളക്ടര്‍ വിവരിച്ചു. ഏപ്രില്‍ 20നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. എക്‌സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും ആകര്‍ഷകമായ കലാപരിപാടികള്‍ ഉണ്ടാകും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ധരും കലാകാരന്മാരും പങ്കെടുക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ ശാലകളും സജ്ജീകരിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിക്ക് പുറമേ മേളയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button