ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വെര്‍ച്വലായാണ് കൂടിക്കാഴ്ച നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കൊവിഡ് മഹാമാരി, സാമ്പത്തിക വളര്‍ച്ച, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും വേണ്ടിയാണ് യോഗം നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കുക, ഇരു സർക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെ നിശ്ചലമാക്കിയ കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തൽ, അന്താരാഷ്‌ട്ര നിയമങ്ങളിൽ തടസ്സങ്ങൾ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയും യോഗത്തിൽ ചർച്ചയാകും.
യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി-ബൈഡൻ കൂടിക്കാഴ്‌ച്ചയെ ലോകം ഉറ്റുനോക്കുകയാണ്. അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരായി നിലപാടെടുക്കാന്‍ വിവിധ ലോകനേതാക്കളില്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബൈഡന്റെ കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. റഷ്യയ്‌ക്കെതിരെ, ഇന്ത്യ നിലപാട് കടുപ്പിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. യുഎസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയാണ് ബൈഡന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ സംബന്ധിച്ചും, അത് ആഗോള തലത്തിൽ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചും അമേരിക്ക കൂടുതൽ വിവരങ്ങൾ പങ്കുവെക്കും. ഇത് സംബന്ധിച്ച്, പല നിർണ്ണായക തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിക്കും എന്നും വിവരമുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തമ്മിലുള്ള യുഎസ്- ഇന്ത്യ 2+2 യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലുമുണ്ടാക്കിയ പ്രതിഫലനങ്ങളും ചര്‍ച്ചയായേക്കും.
Post Your Comments