തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ, നേതൃത്വം വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൻ്റെ ആശയധാരയിൽപ്പെട്ട എത്ര കോൺഗ്രസുകാർ സെമിനാർ വിലക്കിനോട് യോജിക്കും എന്ന് തനിക്ക് സംശയമുണ്ടെന്ന് അരുൺ കുമാർ പറയുന്നു. അപ്പുറത്ത് നെഹ്റുവായിരുന്നെങ്കിൽ കോൺഗ്രസിൻ്റെ സമ്മേളന സെമിനാറിൽ ഒരു പക്ഷെ പിണറായിയോ യെച്ചൂരിയോ ഉണ്ടാകുമായിരുന്നേനേയെന്നും അരുൺ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അപാരമായ വിശകലന ചാരുത കൊണ്ട് ശശി തരൂർ അക്കമിട്ടു നിരത്തുമായിരുന്ന സഖ്യ സാധ്യതയും ബദൽ അനിവാര്യതയുമാണ് കോൺഗ്രസിന്റെ ഇടുങ്ങിയ യുക്തികളിൽ ഇല്ലാതെ പോയതെന്നും, കോൺഗ്രസിന്റെ തീരുമാനം മറിച്ചായിരുന്നുവെങ്കിൽ സ്റ്റാലിൻ്റെ പ്രസംഗത്തിൽ നിന്നുയിർത്ത ആവേശം ഇരട്ടിയാകുമായിരുന്നുവെന്നും അരുൺ കുമാർ പറഞ്ഞു.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
നെഹ്റുവിൻ്റെ ആശയധാരയിൽപെട്ട എത്ര കോൺഗ്രസുകാർ സെമിനാർ വിലക്കിനോട് യോജിക്കും എന്ന് എനിക്ക് സംശയമുണ്ട്. എല്ലാ മുഖ്യമന്ത്രിമാർക്കും കത്തെഴുതി നിരന്തരം രാഷ്ട്രീയ ആശയസംവാദങ്ങളിൽ സ്വയം നവീകരിച്ച പാരമ്പര്യത്തിൽ നിന്നും ഈ വിലക്കിലേക്ക് ഒരു വലിയ ഇറക്കമുണ്ട്. പാർട്ടി ട്രൈബലിസത്തിൻ്റെ ഇരുണ്ട ഗലി കളിൽ ജീവിച്ചു വളർന്ന് ഇലക്ഷൻ എന്ന പൊളിറ്റിക്കൽ ഗെയിമിലേക്ക് മാത്രം ചുരുങ്ങിയ മനുഷ്യരുടെ യുക്തിയാണത്. ഒരു ബദലിൻ്റെ ആശയാടിത്തറയായി മാറാൻ കരുത്തുള്ള ഉജ്ജ്വല പ്രഭാഷണങ്ങളാണ് കാലം ആവശ്യപ്പെട്ടത്. പ്രാദേശിക രാഷ്ട്രീയത്തിലെ പ്രബല വേദികളിൽ പുതിയ രാഷട്രീയ നിലപാടിൻ്റെ പിറവിയ്ക്കാണ് കാലം കാതോർത്തത്.
അപാരമായ വിശകലന ചാരുത കൊണ്ട് ശശി തരൂർ അക്കമിട്ടു നിരത്തുമായിരുന്ന സഖ്യ സാധ്യതയും ബദൽ അനിവാര്യതയുമാണ് ആ ഇടുങ്ങിയ യുക്തികളിൽ ഇല്ലാതെ പോയത്. സ്റ്റാലിൻ്റെ പ്രസംഗത്തിൽ നിന്നുയിർത്ത ആവേശം ഇരട്ടിയാക്കുമായിരുന്നു മറിച്ചുള്ള തീരുമാനം. എല്ലാം പാർട്ടി ഗോത്രീയതയിൽ പൊലിഞ്ഞു. ഏറെക്കുറെ കരിയറിൻ്റെ ഒടുക്കമെത്തിയ മാഷ് വീണ്ടും കളം നിറഞ്ഞു. കൊഴിഞ്ഞാലെ തളിർക്കാനാവൂ എന്നതാകരുത് വളർച്ചയുടെ നീതി ശാസ്ത്രം. എല്ലാവർക്കും നല്ലതു വരട്ടെ!
അപ്പുറത്ത് നെഹ്റുവായിരുന്നെങ്കിൽ കോൺഗ്രസിൻ്റെ സമ്മേളന സെമിനാറിൽ ഒരു പക്ഷെ പിണറായിയോ യെച്ചൂരിയോ ഉണ്ടാകുമായിരുന്നേനേ എന്ന് ഒരു തോന്നൽ.
Post Your Comments