കൊച്ചി: കെ.ജി.എഫ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരങ്ങൾ അണിനിരന്ന ഒരു പത്ര സമ്മേളനം ഇന്നലെ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. കെ.ജി.എഫിന്റെ മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കമ്പനിയെ പ്രതിനിധീകരിച്ച്, പത്ര സമ്മേളനത്തില്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കെടുത്തിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് കെ.ജി.എഫ് നായികയെ സുപ്രിയ അപമാനിച്ചുവെന്നാണ്.
ഇന്നലെ ലുലു മാളിലാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്ത പത്രസമ്മേളനം നടന്നത്. സിനിമയിലെ നായിക ശ്രീനിധിക്ക്, സുപ്രിയ മേനോന്‍ ഹസ്തദാനം ചെയ്യാതിരുന്നതാണ് വിവാദ കാരണം. ശ്രീനിധിയെ അവഗണിച്ച് നായകനായ യഷിന് ഹസ്തദാനം ചെയ്ത സുപ്രിയയുടെ പ്രവർത്തി മനഃപൂർവമാണെന്നായിരുന്നു വിമർശകരുടെ ആരോപണം. എന്നാൽ, സംഭവത്തിനു പിന്നിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് പരിപാടിയുടെ അവതാരകൻ രാജേഷ് കേശവ്.
രാജേഷ് കേശവിന്റെ വാക്കുകൾ: ‘ഈ വാർത്ത കണ്ടപ്പോൾ ഞാനും ഞെട്ടിപ്പോയി. കാരണം സുപ്രിയ മാം ആദ്യമേ തന്നെ കെജിഎഫ് ടീമിലെ എല്ലാവരെയും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ശ്രീനിധിയോട്. പ്രമോഷന്റെ ഭാഗമായി നമ്മുടെ അതിഥികളായി എത്തിയവരാണല്ലോ അവർ. പ്രസ് കോൺഫറൻസിനും ലുലു മാളിലെ പ്രോഗ്രാമിനും അവർ നേരത്തെ എത്തിയിരുന്നു. എന്നാൽ, യഷിനെ പോലെയൊരു സൂപ്പർ സ്റ്റാർ വന്നപ്പോൾ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരുപാടുപേരെത്തി.
മുൻകൂട്ടി അത് മനസ്സിലാക്കി അദ്ദേഹത്തിനു കാര്യമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. സുപ്രിയ മാഡം പോലും അദ്ദേഹത്തെ സ്റ്റേജിൽ വച്ചാണ് കാണുന്നത്. അതുകൊണ്ടാകും ആ സമയം അവർ സംസാരിച്ചതും. പ്രോഗ്രാമിന്റെ വീഡിയോ ഓർഡറിൽ കാണുകയെങ്കിൽ അത് മനസ്സിലാക്കാൻ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേജിൽ നടന്ന കാര്യങ്ങൾ മാത്രമാണ് ചിലർ ചർച്ചയാകുന്നത്. എന്നാൽ, അതിനു മുൻപേ പല കുറി ചർച്ചകളും ബിസിനസ് മീറ്റിങ്ങുകളും കഴിഞ്ഞിട്ടുണ്ടല്ലോ. ആ പ്രോഗ്രാം രണ്ടു തവണ ഹോസ്റ്റ് ചെയ്തതുകൊണ്ട് സിനിമയ്ക്ക് ആണവർ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും എനിക്ക് മനസ്സിലായി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാർത്തകളാണ്.’
Post Your Comments