കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിൽ സ്‌നൈപ്പർമാരുടെ പങ്ക് വലുതായിരുന്നു. ഇതിഹാസ സ്‌നൈപ്പർ വാലി ഉക്രൈനൊപ്പം ചേർന്ന്, റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്നൈപ്പറായ വാലി, കനേഡിൻ സൈനികൻ ആണ്. ഇപ്പോഴിതാ, ഉക്രൈന്റെ പുതിയ ‘ലേഡി ഡെത്ത്’ എന്നറിയപ്പെടുന്ന വനിതാ സ്നൈപ്പർ ആയ ‘ചാർക്കോൾ’ ആണ് ഉക്രേനിയൻ ജനതയുടെ ഹീറോ. വാലിക്ക് ശേഷം, അത്ര തന്നെ പ്രശസ്‌തി ലഭിക്കുന്ന സ്നൈപ്പർ ആണ് ചാർക്കോൾ. പുതിയ ലേഡി ഡെത്ത് എന്നാണ് ഇവരുടെ വിളിപ്പേര്.
റഷ്യൻ സൈന്യത്തെ കായികപരമായും ബുദ്ധിപരമായും നേരിടുന്നതിൽ ചാർക്കോളിന്റെ കഴിവ് അപാരമെന്നാണ് സൈനിക വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്ന വിവരം. ഇതിഹാസമായി ഉയർന്നുവന്ന ചാർക്കോളിന്റെ തോക്കിൻ മുനയിൽ പെടുന്ന, ഒരു റഷ്യൻ സൈനികൻ പോലും ജീവനോടെ തിരിച്ച് പോയിട്ടില്ല. റഷ്യക്കാരെ ഏതു വിധേനയും തോൽപിച്ച് കീഴ്പ്പെടുത്തണമെന്നുള്ള ഈ സ്നൈപ്പറുടെ ആഹ്വാനം രാജ്യം ഏറ്റെടുത്ത് കഴിഞ്ഞു.
ചാർക്കോൾ ഉക്രൈൻ മറീൻസ് സേനയുടെ ഭാഗമായത് 2017ലാണ്. ചാർക്കോൾ എന്നത് യഥാർത്ഥ പേരല്ല. പലപ്പോഴായി, ചാർക്കോൾ നിരവധി യുദ്ധങ്ങളിൽ പങ്കാളിയായി. ദിവസവും അഞ്ച് മുതൽ ആറ് വരെ റഷ്യൻ പടയാളികളെ ചാർക്കോൾ തന്റെ സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തുന്നുണ്ടത്രേ. ചാർക്കോളിന്റെ മുഖം ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ഒരു മാസ്ക് കൊണ്ട് മറച്ച നിലയിലാണ് ഇപ്പോഴും ചാർക്കോലിനെ കാണാനാവുക.
Also Read:രുചിയൂറുന്ന ചിക്കന്‍ പുലാവ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
‘ആധുനിക യുദ്ധത്തിലെ ഹീറോ’ എന്നാണ് ഉക്രൈൻ സൈന്യം അവളെ വാഴ്ത്തുന്നത്. ‘ലേഡി ഡെത്ത്’ എന്ന് വിളിപ്പേരുള്ള, രണ്ടാം ലോക മഹായുദ്ധത്തിലെ ഇതിഹാസ ഷാർപ്പ് ഷൂട്ടറുമായി ചാർക്കോളിനെ പലരും താരതമ്യം ചെയ്യുന്നു. റഷ്യയെ പിന്തുണയ്ക്കുന്ന വിഘടനവാദികൾക്കെതിരെ ഉക്രൈന്റെ കിഴക്കൻ മേഖലയിൽ ചാർക്കോൾ പോരാടിയതായും, ഈ വർഷം ജനുവരിയിൽ കരാർ അവസാനിക്കുന്നതുവരെ സ്‌നൈപ്പർ സേവനമനുഷ്ഠിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. പിന്നീട്, ഫെബ്രുവരി 24 ന് ഉക്രൈനിൽ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം റഷ്യക്കാരോട് യുദ്ധം ചെയ്യുക എന്ന മിഷന്റെ ഭാഗമാവുകയായിരുന്നു ഇവർ. എന്നിരുന്നാലും, ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. അവളുടെ പോരാട്ട വിജയങ്ങളെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താൻ ഉക്രൈൻ സൈന്യം തയ്യാറായിട്ടില്ല.
Post Your Comments