റഷ്യൻ സൈന്യം ബുച്ച നഗരത്തിൽ സംഹാര താണ്ഡവമാടിയ വിവരം ലോകമനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. അപ്പോൾ മുതൽ മുഴങ്ങിക്കേൾക്കുന്ന ചോദ്യമാണ്, ആരാണ് ആ സൈനിക ദൗത്യത്തിന് നേതൃത്വം വഹിച്ചതെന്ന്.
ലെഫ്റ്റ് കേണൽ ഒമുർബെക്കോവ് അസാറ്റ്ബെക് അസാൻബെക്കോവിച്ച് എന്ന റഷ്യൻ സൈനികൻ എന്നാണ് അതിനുത്തരം. 40 വയസ്സുകാരനായ ഇയാളാണ് ബുച്ച നഗരം നിരപരാധികളുടെ രക്തത്തിൽ കുതിർത്തത്. ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ച വിഷയം ഒമുർബെക്കോവ് ആണ്. യുദ്ധത്തിനു പുറപ്പെടും മുമ്പ്, ഒരു റഷ്യൻ ഓർത്തഡോക്സ് പുരോഹിതനെ അനുഗ്രഹം വാങ്ങിയാണ് ഒമുർബെക്കോവ് ഇറങ്ങിയതത്രേ!
കീവിന് വടക്കുപടിഞ്ഞാറായി 30 കിലോമീറ്റർ ദൂരെയുള്ള നഗരമാണ് ബുച്ച. മനുഷ്യ മനസ്സാക്ഷി മരവിച്ചു പോകുന്ന ക്രൂരകൃത്യങ്ങളാണ് ആ നഗരത്തിൽ റഷ്യൻ സൈന്യം ചെയ്ത് കൂട്ടിയത്. തെരുവിൽ അനാഥമായി കിടക്കുന്ന നിരവധി മൃതദേഹങ്ങൾ. എല്ലാവരുടെയും ശരീരം കിടന്നിരുന്നത് കൈകൾ പിറകിലേക്ക് കെട്ടിയ നിലയിലാണ്. പോയിന്റ് ബ്ലാങ്കിൽ ശിരസ്സിനു വെടിവെച്ചാണ് ഇവരെ കൊന്നിരിക്കുന്നത്.
പ്ലാസ്റ്റിക് ക്യാരിബാഗിൽ കെട്ടിയ നിലയിൽ മറവ് ചെയ്യപ്പെട്ട നിരവധി മൃതദേഹങ്ങളും റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റശേഷം കണ്ടെടുത്തു.
തെരുവിൽ മരിച്ചു കിടന്നിരുന്ന പലരുടെയും കയ്യിൽ, ഷോപ്പിംഗ് ബാഗുകളും കാലി കവറുകളും ഉണ്ടായിരുന്നു. അതായത്, സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ഇവരെ, കണ്ടമാത്രയിൽ തന്നെ സൈനികർ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ബുച്ച നഗരത്തിൽ ആകെ മൊത്തം കൊല്ലപ്പെട്ടത് നാനൂറോളം പേരാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ,ലെഫ്റ്റ് കേണൽ ഒമുർബെക്കോവ് എന്ന രാക്ഷസനും.
2014-ൽ, മികച്ച സേവനത്തിനുള്ള റഷ്യൻ സൈന്യത്തിന്റെ മെഡൽ ഡെപ്യൂട്ടി പ്രതിരോധമന്ത്രിയിൽ നിന്നും ഇയാൾ ഏറ്റുവാങ്ങിയിട്ടുണ്ട്. യൂണിറ്റ് 51460യുടെ ഇൻചാർജ് ആണ് ലെഫ്റ്റ് കേണൽ ഒമുർബെക്കോവ്. ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങൾ മൂലം, ഇയാളെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് ‘ബുച്ചർ ഓഫ് ബുച്ച’ അഥവാ ബുച്ചയിലെ കശാപ്പുകാരൻ എന്നാണ്. വഴിയിലുടനീളം, ഇരുവശങ്ങളിലുമായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്ക് ഇടയിലൂടെയാണ് റഷ്യൻ സൈന്യം ബുച്ച വിട്ടു പോയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
Post Your Comments