ഇടുക്കി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവച്ചു. ഒരുവർഷത്തെ കാലാവധി ബാക്കി നിൽക്കെയാണ് രാജി. രാജി അംഗീകരിച്ചതായി കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചു. രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആർബിഐ ആണ് സിഇഒയെ നിയമിക്കുന്നത്. സർക്കാർ നയത്തിന് വിരുദ്ധമായി, കുട്ടികൾ മാത്രമുള്ളപ്പോൾ മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സഹകരണമന്ത്രി വി.എൻ.വാസവൻ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ്, ബാങ്ക് സിഇഒയുടെ രാജി.
വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റർ പറഞ്ഞു. സംഭവത്തിൽ നടന്നതെന്തെന്ന് പരിശോധിക്കാൻ സഹകരണ സംഘം രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സർക്കാർ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടിൽ അജേഷിന്റെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ ഇടപെടുകയും, ഏറെ വൈകിയും അധികൃതർ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാൽ എംഎൽഎ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.
Post Your Comments