ടെൻഷൻ അനുഭവിക്കാത്ത മനുഷ്യർ വിരളമാണ്. ടെന്‍ഷന്‍ കൂടിയാല്‍ നിങ്ങളുടെ ശരീരത്തെ അത് ദോഷകരമായി ബാധിക്കും. ടെന്‍ഷന്റെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ചിന്തിച്ചാല്‍ തന്നെ നമ്മുടെ പകുതി ടെന്‍ഷന്‍ മാറികിട്ടും.
തുറന്നു പറയാനുള്ള മനസ്സും സ്വയം വിശകലനം ചെയ്യാനും കഴിയുകയാണെങ്കില്‍ എളുപ്പം ടെന്‍ഷനെ അതിജീവിക്കാനാകും. ടെന്ഷനടിച്ചിരിക്കുമ്പോള് ദീർഘനിശ്വാസം എടുക്കുന്നത് നല്ല ആശ്വാസം പകരും. ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും. ടെന്‍ഷന്‍ കൂടുമ്പോൾ ശാന്തമായ ഒരിടം കണ്ടെത്തുക. നിവര്‍ന്നിരുന്ന് വായ തുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയുക. കുറച്ച് സെക്കന്‍ഡ് കഴിഞ്ഞ് ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുകയും ചെയ്യുക. കുറച്ച് നേരം ഈ പ്രവൃത്തി തുടരുക.
ടെന്‍ഷന്‍ മാറ്റാനുള്ള നല്ല വഴിയാണ് പാട്ട് കേള്‍ക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യാം. പലപ്പോഴും ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിയാറുണ്ട്. അതില്‍നിന്നും കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല. എന്തെങ്കിലും തരത്തിലുള്ള ഹോബികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. എന്തിലാണോ നിങ്ങള്‍ സന്തോഷം കണ്ടെത്തുന്നത് അത് ചെയ്യുക. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ടെന്‍ഷന്‍ അകറ്റും.
ജോലി ടെന്‍ഷന്‍ അകറ്റാന്‍ എപ്പോഴെങ്കിലും ഒരു യാത്ര പോകാം. മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും മാറ്റാന്‍ യാത്രകള്‍ക്ക് സാധിക്കും. ടെന്‍ഷനുള്ള സമയത്ത് വെറുതെ ചെറിയ സവാരിക്കിറങ്ങുന്നതും നല്ലതാണ്. ജീവിതത്തില്‍ പിന്നോട്ട് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ചില നല്ല ഓര്‍മകള്‍ ഉണ്ടാകും. അത് ഓര്‍ക്കുന്നതും നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കും. നിങ്ങള്‍ എന്തെങ്കിലും തരത്തില്‍ ടെന്‍ഷനിലാണെങ്കില്‍ അമ്മയോടോ അച്ഛനോടോ മറ്റ് കുടുംബാംഗങ്ങളോടോ തുറന്നുപറയാം. അല്ലെങ്കില്‍ കുറച്ച് സമയം അവരോടൊപ്പം ചിലവിടാം. നിങ്ങള്‍ ഒറ്റക്കല്ല എന്ന ബോധം മനസ്സില്‍ വളര്‍ത്തിയെടുക്കാം.
Post Your Comments