മലപ്പുറം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസില്ലാതെ ബിജെപിയെ പ്രതിരോധിക്കാൻ സാധ്യമല്ലെന്ന് മുതിർന്ന ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ട് കേന്ദ്രത്തിൽ മറ്റാർക്കും മുന്നോട്ട് പോവാൻ സാധിക്കില്ലെന്ന വസ്തുതയും എല്ലാവരും ഉൾക്കൊളളണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘പാർലമെന്റിൽ ഞങ്ങളുടെ ലീഗ് എം പിമാരൊക്കെ, ഏക സിവിൽ കോഡ് പാസാക്കുമോയെന്ന് അറിയാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു. അവർക്ക് ഊൺ കഴിക്കാൻ പോലും സമയമില്ല. ചിലപ്പൊ ഊണ് കഴിക്കാൻ പോകുമ്പോഴായിരിക്കും ബിൽ അവതരിപ്പിക്കുക. അപ്പം ചുട്ടെടുക്കുന്നത് പോലെ ബിൽ പാസാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു,
അതേസമയം, സിപിഐഎമ്മിന് സ്വാധിനം കേരളത്തിലാണ് എന്നാൽ കേരളം വിചാരിച്ചാൽ ഇന്ത്യ ഭരിക്കാൻ സാധിക്കുമോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിൽ സിപിഐഎം കോൺഗ്രസിനെ കൂട്ടിയാണ് മുന്നോട്ട് പോകുന്നത്. തമിഴ്‌നാട്ടിൽ കോൺഗ്രസുമായും ലീഗുമായും സഹകരിച്ചാണ് സിപിഐഎം പ്രവർത്തിക്കുന്നത്. ഇതൊക്കെ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, വരമ്പത്ത് കയറി അഭിപ്രായം പറയുന്നത് യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്‌ലിം ലീഗിന്റെയും നിലപാട്. സർക്കാർ വാർഷികാഘോഷ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാൻ മാസത്തിൽ സിൽവർ ലൈൻ കല്ലിടൽ ഒഴിവാക്കേണ്ടത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Post Your Comments