കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ ശരത്തിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശരത് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു.
എന്നാൽ, വധഗൂഢാലോചനയില്‍ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസാമ്പിളുകളില്‍ ശരത്തിന്റെ ശബ്ദമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
ഇരുവരേയും, അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ക്രൈംബ്രാഞ്ച് എസ്പി സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ്, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകുന്നത്.
Post Your Comments