
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍, ആക്ടിവിസ്റ്റും ജെഎന്‍യു കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്താണ് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്.
യുഎപിഎയുടെ സെക്ഷന്‍ 13, 16, 17, 18, ആയുധ നിയമത്തിലെ 25, 27 വകുപ്പുകള്‍, 1984ലെ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിന്റെ 3, 4 വകുപ്പുകള്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഖാലിദിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നിരവധി കുറ്റങ്ങളും ഖാലിദിനെതിരെ ചുമത്തിയിട്ടുണ്ട്.
പ്രതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുന്നതിന് മുമ്പ് പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകനും സമര്‍പ്പിച്ച രേഖാമൂലമുള്ള നിവേദനങ്ങളും വാക്കാലുള്ള നിവേദനങ്ങളും അനുബന്ധങ്ങളും കോടതി പരിശോധിച്ചു.
അതേസമയം, ഉമര്‍ ഖാലിദ് ഒരു പണ്ഡിതനും, ഗവേഷകനും ആണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. പ്രോസിക്യൂട്ടര്‍ ആരോപിക്കുന്നത് പോലെ, തന്റെ കക്ഷി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, അഭിഭാഷകന്റെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ, കോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
Post Your Comments