ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്‍റെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍. ആംആദ്മി അനുഭാവികളാണ് കൊലപാതകത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട ഇഖ്ബാല്‍ സിംഗിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 12 നായിരുന്നു കസോന ഗ്രാമത്തിലെ ഇഖ്ബാല്‍ സിംഗിനെ മൂന്ന് പേര്‍ ഇഷ്ടിക കൊണ്ട് ആക്രമിച്ചത്. മര്‍ദ്ദനമേറ്റ ഇഖ്ബാൽ ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും, കുടുംബത്തിലെ ആര്‍ക്കെങ്കിലും ജോലി ഉറപ്പ് നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ദു ആവശ്യപ്പെട്ടു. നീതി വൈകുന്നത് നീതി നിഷേധമാണെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും സിദ്ദു ട്വീറ്റ് ചെയ്തു. അതേസമയം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നവാന്‍ഷഹര്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ യായിരുന്ന അംഗദ് സിംഗ് സൈനിയുടെ അടുത്ത സഹായിയായ മഖന്‍ കംഗയെ ആയുധധാരികളായ ആറ് പേര്‍ വെടിവച്ചു കൊന്നത്.
പെട്രോള്‍ സ്‌റ്റേഷനു മുന്നില്‍ വച്ചായിരുന്നു മുഖംമൂടി ധരിച്ചെത്തിയ അക്രമകാരികള്‍ വെടിയുതിര്‍ത്തതെന്നും, 15 തവണ അക്രമകാരികള്‍ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് മഖന്‍ കംഗ് കൊല്ലപ്പെടുകയായിരുന്നുവെന്നും എസ്പി സരബ്ജിത് സിംഗ് ബാഹിയ പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ പര്‍ഗത് സിംഗ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കണ്ടിരുന്നു. ആം ആദ്മി അധികാരത്തിലെത്തിയ ശേഷം ആക്രമണം പതിവാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
Post Your Comments