ഇസ്ലാമബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാകിസ്ഥാൻ ദേശീയ അസംബ്ലി. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചർച്ച മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നത്തേയ്ക്ക് പിരിഞ്ഞ സഭ, ഏപ്രിൽ 3ന് വീണ്ടും ചേരും. ഇന്നത്തെ അജൻഡയിൽ നാലാമതായിരുന്നു അവിശ്വാസ പ്രമേയ ചർച്ച തീരുമാനിച്ചിരുന്നത്.
മാർച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു. 342 അംഗ പാർലമെന്റിൽ അവിശ്വാസം വിജയിക്കാൻ 172 വോട്ടുകളാണു വേണ്ടത്.
മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്–പാകിസ്ഥാൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഇമ്രാൻ സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരുന്നു. ഏഴ് അംഗങ്ങളുള്ള എംക്യുഎമ്മിന്റെ രണ്ടു മന്ത്രിമാരും രാജിക്കത്ത് നൽകിയിരുന്നു. മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ 177 അംഗങ്ങളായെന്നാണ് ലഭ്യമായ വിവരം.
Post Your Comments