മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യ ജയം സ്വന്തമാക്കിയത്. 129 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ തുടക്കത്തിലെ സൂപ്പർ താരങ്ങളുടെ വിക്കറ്റുകൾ നഷ്ടമായി.
തുടർന്ന്, പതിയെ അതിജീവിച്ച് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 17-3ലേക്കും 69-4ലേക്കും 111-7ലേക്കും വീണ ബാംഗ്ലൂര്‍ ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ഷബഹാസ് അഹമ്മദ്, ഡേവിഡ് വില്ലി, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. 28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.
ഷഹബാസ് 27 റണ്‍സെടുത്തപ്പോള്‍ കാര്‍ത്തിക് ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റെടുത്തു. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വാനിന്ദു ഹസരങ്കയുടെ ലെഗ് സ്പിന്നിന് മുന്നിൽ തകർന്നടിഞ്ഞു. 18.5 ഓവറില്‍ 128 റണ്‍സിന് കൊല്‍ക്കത്ത ഓള്‍ ഔട്ടായി.
നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപും രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്. 18 പന്തില്‍ 25 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. സ്കോര്‍- കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് 18.5 ഓവറില്‍ 128, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.2 ഓവറില്‍ 132-7.
Post Your Comments