എറണാകുളം: സംഘപരിവാറിനെതിരെ പുതിയ സംഘടനയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ‘സിറ്റിസൺസ് ഫോർ ഡെമോക്രസി’ എന്നാണ് വിശാല സഖ്യത്തിന്റെ പേര്. ഏപ്രിൽ അഞ്ചിന് ചൊവ്വാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ചാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്ന്, ബിന്ദു അമ്മിണി കുറിച്ചു. ‘സംഘപരിവാറിനെതിരായ വിശാലഐക്യം രൂപപ്പെടുകയെന്നത് ആണ് എന്റെ സ്വപ്നങ്ങളിൽ പ്രധാനപ്പെട്ടത്’, എന്നും അവർ പറയുന്നു.
‘ഹിന്ദുത്വ ഇന്ത്യൻ നിർമ്മിതിക്കായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഏതൊരു ചെറു ശ്രമത്തെയും ചേർത്ത് പിടിക്കുക തന്നെ ചെയ്യും. സിറ്റിസൺസ് ഫോർ ഡെമോക്രസി സംഘപരിവാറിനെതിരെ അരികുവൽക്കരിക്കപ്പെട്ടവരുടെ നാവായി മാറട്ടെ എന്ന് ആശംസിക്കുന്നു’ എന്നും, ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്ററിൽ പറയുന്നു.
അതേസമയം, പോസ്റ്റിന്റെ താഴെ നിരവധി ട്രോൾ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ബിന്ദു അമ്മിണി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക്. മോഡിക്ക് വൻ ഭീഷണി’ എന്നാണ് ഒരാളുടെ കമന്റ്. ‘ആദ്യം ഒരു പഞ്ചായത്ത് വാർഡ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക, അപ്പോൾ അറിയാം എത്ര പിന്തുണ ഉണ്ടെന്ന്. അതിനു ശേഷം പോരെ വിശാല ഐക്യം എന്നാണ് എന്റെ ഒരിത്’- മറ്റൊരു കമന്റ് ഇങ്ങനെ ആണ്.
അതേസമയം, ഗോരഖ്‌പൂരിൽ യോഗി ആദിത്യനാഥിനെതിരെ പ്രചാരണവുമായി ബിന്ദു അമ്മിണി കാമ്പയിൻ നടത്തിയിരുന്നു. അവിടെ, ചന്ദ്രശേഖർ ആസാദിന് കെട്ടി വെച്ച കാശു പോലും നഷ്ടപ്പെട്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Post Your Comments