വയനാട്: ട്രേഡ് യൂണിയൻ സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായ ഒരു വീഡിയോയുടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രജീഷ് എന്ന യുവാവ്. എന്തിനാണ് ഇന്നത്തെ സമരമെന്ന് തങ്ങളെ വഴി തടഞ്ഞ പ്രജീഷിനോട് യാത്രക്കാർ ചോദിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളിൽ കാണുന്നത്. എത്ര ചോദിച്ചിട്ടും പ്രജീഷിന് ആ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് ഒരു മിനിറ്റെന്ന് പറഞ്ഞ് ഇയാൾ മാറിപ്പോകുന്നതും കാണാം. സംഭവം വൈറലായതോടെയാണ് വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ് കൂടിയായ പ്രജീഷ് രംഗത്തെത്തിയത്.
പ്രജീഷിന്റെ വിശദീകരണം:
വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ള തൊഴിലാളിയാണ്. എന്റെ പേരിലുളള ഒരു വീഡിയോ ഇപ്പോൾ ഈ നാട്ടിലെ അരാഷ്ട്രീയ വാദികളും തൊഴിലാളി വിരുദ്ധരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ചോദിക്കുമ്പോൾ എനിക്ക് ഉത്തരം മുട്ടി ഞാൻ തടിതപ്പി എന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. അരാഷ്ട്രീയ വാദികളും, തൊഴിലാളി വിരുദ്ധരും, ചില തൽപ്പര കക്ഷികളും ചേർന്ന് ഈ വീഡിയോ തൊഴിലാളികൾക്കെതിരെയും ദേശീയ പണിമുടക്കിനെതിരേയുമുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു വിശദീകരണ കുറിപ്പ് എഴുതേണ്ടി വരുന്നത്.
കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന അത്യന്തം മനുഷ്യത്വവിരുദ്ധമായ നയങ്ങൾ ബാധിക്കുന്ന യുവാവും തൊഴിലാളിയുമായ ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയാണ് ഞാൻ. തോട്ടം തൊഴിലാളികളുടെ ചരിത്രപരമായ പല തൊഴിൽ സമരങ്ങൾ നടത്തിയ ചരിത്ര ഭൂമിയായ എന്റെ നാട്ടിൽ സിപിഐഎമ്മുകാരും, സിപിഐക്കാരും, കോൺഗ്രസ്സുകാരും, മുസ്ലിം ലീഗുകാരും സംയുകത തൊഴിലാളി യൂണിയനിലെ എല്ലാ പ്രവർത്തകരുടെയുമൊപ്പം പണിമുടക്ക് ദിനത്തിൽ, ഈ പണിമുടക്കിന്റെ ആവശ്യകതയെ കുറിച്ചു സംസാരിക്കുന്നവരിൽ ഒരാൾ ആയിരുന്നു ഞാൻ. വാഹനങ്ങൾക്ക് കൈ കാണിച്ചു നിർത്തി, പണിമുടക്കിനോട് 5 മിനുട്ട് സഹകരിച്ച് ഈ പണിമുടക്കിന്റെ മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും സഹകരിക്കാൻ അഭ്യർത്ഥിക്കുക്കയുമാണ് ഞാനടക്കമുള്ളവർ ചെയ്തിരുന്നത്. അസാധാരണമായ വിധം പണിമുടക്ക് ദിനം ആഘോഷിക്കാൻ വേണ്ടി ചുരം കയറിവരുന്ന ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു ഇന്നലെ.
ഈയവസരത്തിലാണ് ബൈക്കിൽ വന്ന യാത്രക്കാരുമായ സംഭാഷണം. അവരോടു സമരത്തെക്കുറിച്ചു വിശദീകരിക്കാൻ തുടങ്ങുന്ന സമയത്താണ് തൊട്ടപ്പുറത്ത് പോലീസ് വാഹനം വരികയും പോലീസ് വാഹനത്തിന്റെ ഹോണടിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എന്നെയാണോ എന്നുറപ്പിക്കാൻ ഞാൻ തിരിഞ്ഞു നോക്കുന്നത് ആ വീഡിയോയിൽ തന്നെ കാണാം. എന്നെ തന്നെ ആണെന്ന് മനസ്സിലാക്കിയപ്പോൾ ചുണ്ടേൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ എനിക്ക് ആ സംഭാഷണം പൂർത്തിയാക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അങ്ങോട്ട് പോകേണ്ടി വന്നു. ആ കാണുന്നതാണ് മറ്റൊരു രീതിയിൽ ഇന്ന്, ഇങ്ങനെയൊരു വീഡിയോ ആയി വളരെ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നത്. തിരിച്ചു വന്നു ആ യുവാക്കളോട് സംസാരം പൂർത്തിയാക്കാൻ ശ്രമിച്ചിരുനെങ്കിലും അവർ പോവുകയാണ് ഉണ്ടായത്. ആ വീഡിയോയിലെ മുഴുവൻ ഭാഗം ഒഴിവാക്കിയത് കൊണ്ട് തന്നെ സത്യാവസ്ഥ വിശദീകരിക്കാൻ ഞാൻ ഇപ്പോൾ ബാധ്യസ്ഥനുമാണ്.
സമരം ആരംഭിച്ചു ഇന്നലെ രാവിലെ 8 മണിമുതൽ വൈകുന്നേരം 6 മണിവരെ ഇതേ രീതിയിൽ വാഹങ്ങളിൽ വന്ന പതിനായിരക്കണക്കിന് യാത്രക്കാരുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. കൃത്യമായി തന്നെ സമരത്തിന്റെ ഓരോ ലക്ഷ്യങ്ങളെകുറിച്ചും, തൊഴിലാളി സമരങ്ങളുടെ അവശ്യകതയേകുറിച്ചും തൊഴിലാളി പോരാട്ടങ്ങങ്ങൾ നേടിയെടുത്ത അവകാശങ്ങളെ കുറിച്ചും ബോധവന്മാരായവർ തന്നെയാണ് ഞാനടക്കം സമരം ചെയ്യുന്ന ഈ നാട്ടിലെ എല്ലാ തൊഴിലാളികളും. അത് തന്നെയാണ് പണിമുടക്ക് ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ച ജനങ്ങളോട്, പ്രത്യേകിച്ചു യുവാക്കളോട് ഞങ്ങൾ സംവദിച്ചതും.
സത്യത്തിനു മുന്നേ നുണകൾ പറക്കുന്ന സത്യാനന്തര കാലത്ത്, ഇത്രയും പ്രധാനപ്പെട്ട ഒരു സമരത്തെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവകമായ ശ്രമത്തിന്റെ ഭാഗമായാണ് വളരെ ഏകപക്ഷീയമായ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. സമരത്തിൽ എന്നോടൊപ്പം പങ്കെടുത്ത കൊണ്ഗ്രസ്സുകാരുടെ അനുഭാവികളായവരുടെ അടുത്ത് നിന്ന് പോലും ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്ന കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. തൊഴിൽ സമരങ്ങൾ കൊണ്ട് നേടിയെടുത്തതാണ് ഈ നാട്ടിലെ തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന ഏല്ലാ നേട്ടങ്ങളും അവകാശങ്ങളും എന്ന പൂർണ ബോധ്യമുള്ള ഒരു തൊഴിലാളി എന്ന നിലയിൽ ഇത്തരം കുപ്രചാരണങ്ങൾ എന്നെ ബാധിക്കുന്നിലെങ്കിൽ പോലും, സമരത്തെ അപഹസ്യമാക്കി ചിത്രീകരിക്കാൻ നിരന്തരമായി ശ്രമിക്കുന്ന അരാഷ്ട്രീയ വലതുപക്ഷ ബോധത്തെ ഞങ്ങൾ തൊഴിലാളികൾ ചെറുക്കേണ്ടതുണ്ട്.
സത്യം മനസിലാക്കി, ഈ സമരത്തിനെതിരെ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങൾ തള്ളികളയണമെന്നും, സമരം ചെയ്യുന്ന തൊഴിലാളികളുടെ ഒപ്പം അണിനിരക്കണം എന്നും മുഴുവൻ ആളുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു.
Post Your Comments