ഡൽഹി: പിഴ കൂടാതെ ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസരം നാളെ(2022 മാർച്ച് 31) അവസാനിക്കും. മാർച്ച് 31നകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർക്ക് 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്നും സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകാൻ സാധ്യതയുണ്ടെന്നും ആദായ നികുതി വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. മാർച്ച് 31ന് ശേഷം ജൂൺ വരെയുള്ള മൂന്ന് മാസം വരെ പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കുന്നതിനായി 500 രൂപ നൽകണം.
മൂന്ന് മാസങ്ങൾക്ക് ശേഷം ഇതിനായി ഇരട്ടി തുക നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) അറിയിപ്പിൽ പറയുന്നു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, അത് പ്രവർത്തനരഹിതമാകുമെന്നും ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഡിടി വ്യക്തമാക്കി.
നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: പ്രതിയെ പൊലീസ് പിടികൂടി
2021 സെപ്റ്റംബർ 30 വരെയായിരുന്നു പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതിയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രക്രിയ പൂർണ്ണമാവാത്തതിനാൽ ഇതിന്റെ സമയപരിധി 2022 മാർച്ച് 31 വരെ നീട്ടുകയായിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, പണം നിക്ഷേപിക്കൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് പാൻ കാർഡ് നമ്പർ ആവശ്യമാണ്. പാൻകാർഡ് പ്രവർത്തന രഹിതമായാൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള നിരവധി ക്രയവിക്രയങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ട്.
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ https://www.incometaxindiaefiling.gov.in/home തുറന്ന് വെബ്‌പേജിന്റെ ഇടതുവശത്തെ ക്വിക്ക് ലിങ്കിൽ നിന്ന് ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
‘എന്റെ ആധാർ വിശദാംശങ്ങൾ യുഐഡിഎഐ ഉപയോഗിച്ച് സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു’ എന്ന ബോക്സ് ടിക്ക് ചെയ്യുക.
തുടർന്നുള്ള കോഡ് നൽകുക.
ലിങ്ക് ആധാറിൽ ക്ലിക്കു ചെയ്‌ത് സബ്മിറ്റ് അമർത്തുക.
Post Your Comments