ആലപ്പുഴ: മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സിൽവർ ലൈൻ സമരസമിതി നേതാവ് സിന്ധു ജെയിംസ് രംഗത്ത്. ഒരാളെ പോലും സമരത്തിൽ നിന്ന് മാറ്റാൻ സജി ചെറിയാന് കഴിഞ്ഞിട്ടില്ലെന്നും പകരം വീട് ഉറപ്പാക്കിയാൽ മാത്രമെ തങ്ങൾ സമരത്തിൽ നിന്ന് പിന്മാറുവെന്നും സിന്ധു ജെയിംസ് പറഞ്ഞു.
‘രാവിലെ ചെങ്ങന്നൂരിലെത്തിയ മന്ത്രിയും സ്ഥലത്തെ സിപിഎം നേതാക്കളും വീടുകളിലെത്തിയാണ് ഭീഷണിയുടെ സ്വരത്തിൽ സമരത്തിൽ നിന്നും പിന്മാറാൻ പറഞ്ഞത്. നിങ്ങൾക്കൊക്കെ എന്തിന്റെ പ്രശ്നമാണ്, എന്ത് കാര്യത്തിനാണ് ഇതിന് ഇറങ്ങിപ്പോകുന്നത്. ഇതൊക്കെ വലിയ ഓഫറും പാക്കേജും കിട്ടുന്ന പദ്ധതിയാണ്. നിങ്ങൾക്ക് കോടികൾ കിട്ടും. വേറെ എവിടെയെങ്കിലും സ്വസ്ഥമായി ജീവിച്ചുകൂടെ. നാട് മുഴുവൻ ഇളക്കി എന്തിനാണ് സമരം ചെയ്യുന്നത്. കെ റെയിൽ ഒരു വികസനമല്ലേ? ഇങ്ങനെയുള്ള ഭീഷണിയാണ് മന്ത്രിയുടെയും മറ്റ് നേതാക്കന്മാരുടേയും ഭാഗത്ത് നിന്നുണ്ടായത്,’ സിന്ധു ജെയിംസ് വ്യക്തമാക്കി.
കെ റെയിൽ പദ്ധതിയിൽപ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന ചെങ്ങന്നൂരിലെ വീടുകളിൽ കയറി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പിഴുത് മാറ്റിയ കെ റെിയിൽ കല്ലുകൾ നാട്ടുകാർ പുനഃസ്ഥാപിക്കുമെന്ന തരത്തിൽ വാർത്തകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്, സമരസമിതിയുടെ ഭാഗത്തു നിന്നും മന്ത്രിക്കെതിരെ ആരോപണം ഉണ്ടായത്.
Post Your Comments