
ചെങ്ങന്നൂർ: ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര വിവിധയിടങ്ങളിൽ നടക്കുകയാണ്. ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് സമാപനം. കെ.റെയിൽ എംഡിക്കെതിരെ രൂക്ഷ വിമർശനമാണ് സുരേന്ദ്രൻ നടത്തിയത്. റെയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാൽ തിരിച്ചു വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
അതേസമയം, സജി ചെറിയാനെതിരെ സുരേന്ദ്രൻ ആഞ്ഞടിച്ചു. കരുണ പാലിയേറ്റീവ് കെയർ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമാണെന്നും കരുണയ്ക്ക് കിട്ടുന്നത് മുഴുവൻ സജി ചെറിയാനും സംഘവും കൊള്ളയടിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. പേരിൽ മാത്രമാണ് കരുണ ഉള്ളതെന്നും, ബാക്കി എല്ലാം തട്ടിപ്പ് ആണെന്നും എല്ലാം, അഴിമതി നടത്താൻ ഉള്ള വഴികളാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
‘സജി ചെറിയാൻ ജനങ്ങളോട് കള്ളം പറയുകയാണ്, 32 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു’, എന്നാൽ, അത് കളവ് ആണെന്ന് പിന്നീട് തെളിഞ്ഞെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്. കൊഴുവല്ലൂരിലെ സമര നേതാവ് സിന്ധു ജെയിംസിനെ വേദിയിൽ ആദരിക്കുകയും ചെയ്തു.
Post Your Comments