തൃശൂര്‍: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ നര്‍ത്തകി മന്‍സിയ വിപിക്ക് അവസരം നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍. ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം നൽകുന്നതെന്നും മതമില്ലാതെയാണ് മൻസിയ ജീവിക്കുന്നതെന്നും പ്രദീപ് മേനോന്‍ ഒരു ചാനലിനോട് പ്രതികരിച്ചു.
‘ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായി പത്രപരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടക്കുന്നത്. നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. അഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ ഇന്ന് സാധ്യമല്ല. ഇതാണ് രീതി. അതവരെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. നിലനില്‍ക്കുന്ന ആചാരനുഷ്ടാനങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ട്’- അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
നോട്ടീസില്‍ പേരടിച്ചുവന്ന ശേഷം, കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നിന്നും അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചുവെന്നു സോഷ്യൽ മീഡിയ കുറിപ്പിലൂടെ മൻസിയ വെളിപ്പെടുത്തിയിരുന്നു. ഏപ്രില്‍ 21ന് വൈകീട്ട് നാലു മുതല്‍ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് അഹിന്ദുവായതിനാല്‍ നടത്താന്‍ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതെന്ന് മൻസിയ പറയുന്നു.
Post Your Comments