കൊച്ചി: ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ നേടിയ വിജയം പുതിയൊരു ദേശീയ പാര്‍ട്ടിയുടെ ഉദയത്തിന്റെ സൂചനയല്ലെന്ന് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പഞ്ചാബിൽ കോണ്‍ഗ്രസ് തീര്‍ത്ത ശൂന്യതയിലേക്കാണ് ആം ആദ്മി കടന്നുകയറിയതെങ്കിലും അവിടെ, ദേശീയ പാര്‍ട്ടിയായി വളരാൻ ആപിന് കഴിയില്ലെന്ന് മണി ശങ്കർ നിരീക്ഷിക്കുന്നു. കെജ്രിവാളിന് ഇനിയും കാതങ്ങള്‍ സഞ്ചരിക്കാനുണ്ടെന്നും, ഒരു നൂറു വര്‍ഷം ആപ് നിലനിന്നാല്‍ ചിലപ്പോൾ അതൊരു ദേശീയ പാർട്ടി ആയേക്കുമെന്നും അദ്ദേഹം ചിരിയോടെ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതരത്വം സിരകളില്‍ വഹിക്കുന്ന പാര്‍ട്ടി കോൺഗ്രസാണെന്നും, ഇന്ത്യ എന്ന ആശയത്തെ പ്രതിനിധികരിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും അദ്ദേഹം പറയുന്നു. അടുത്തിടെ, യു.പി അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ തകര്‍ച്ചയ്ക്ക് ഉത്തരവാദി മുഴുവൻ കോൺഗ്രസുമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ‘ഒരാളെ മാത്രമായി കുറ്റപ്പെടുത്തുന്നത് അര്‍ത്ഥരഹിതമായിരിക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള തിരിച്ചടിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഒരാള്‍ മാത്രമാണ് ഉത്തരവാദി എന്ന് പറയുന്നതെങ്ങിനെയാണ്? കേരളത്തില്‍ യുഡിഎഫ് വിജയിക്കാതിരുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണോ ഉത്തരവാദി? അതുകൊണ്ടാണ് സംഘടന ഒന്നടങ്കം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പറയേണ്ടി വരുന്നത്. കോണ്‍ഗ്രസ് ഒരു വ്യക്തിയല്ല. അതൊരു പ്രസ്ഥാനമാണ്’, കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ തകർക്കുന്നത് ഗാന്ധി കുടുംബമാണെന്ന ആരോപണം തീർത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത് ഗാന്ധി കുടുംബമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുമ്പോള്‍ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത് ഗാന്ധി മുക്ത കോൺഗ്രസാണ്, ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ് തമ്മിലടിച്ച് തകരുമെന്ന് അവർക്കറിയാമെന്നും മണി ശങ്കർ പറഞ്ഞു.
Post Your Comments