KeralaLatest News

പൊതുപണിമുടക്ക് ആരംഭിച്ചു: സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. നാളെ രാത്രി 12 മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാർക്ക് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും. പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ ആവശ്യത്തിന് പണമുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു.

കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായ നികുതി, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകൾ പ്രസ്താവനയിൽ വ്യക്തമാക്കി. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button