തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആർ.ടി.സി രൂപീകരിച്ച കമ്പനിയാണ് സ്വിഫ്‌റ്റ്. വളരെ ആഘോഷമായാണ് ദീര്‍ഘദൂര സര്‍വീസ് ബസുകളിലെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനായി, കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിനു വേണ്ടി ലക്ഷ്വറി വോള്‍വോ ബസുകള്‍ എത്തിക്കുന്ന പദ്ധതി ആരംഭിച്ചത്. വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെതന്നെ ആദ്യ എട്ട് സ്ലീപ്പര്‍ ബസുകളാണ് മാർച്ചു മാസം ആരംഭത്തിൽ തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ, വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് തലവേദനയാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കെ.എസ്.ആർ.ടി.സി യ്ക്ക് കൈമാറാനായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ബസില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ടെന്നും ഒന്നിലധികം വാഹനങ്ങളെ ഇടിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്നും ആരോപണമുണ്ട്.
അധികൃതരുടെ ഭാഗത്ത് നിന്നും ഒട്ടും ശ്രദ്ധയില്ലാതെയാണ് ബസുകള്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നത്. ബസ് മറ്റൊരു വാഹനത്തിൽ ഇടിച്ച സംഭവത്തിൽ, അമരവിളയ്ക്ക് സമീപത്തായി സംഘര്‍ഷാവസ്ഥയുണ്ടായി. വണ്ടിയിടിച്ച് നിര്‍ത്താതെ പോയ ബസിനെ അമരവിള പൊലീസ് എത്തിയാണ് പിടികൂടിയത്.
തിരുവനന്തപുരം ആനയറയിലുള്ള സിഫ്‌റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകള്‍ എത്തിയത്. പുതുതായി എത്തുന്ന ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ഡ്രൈവർക്ക് ജോലി നഷ്ടമാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. വാഹനം സര്‍വീസിന് ഇറങ്ങുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകളില്‍ ചിലത് അപകടത്തില്‍പ്പെട്ട് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇത് ആവർത്തിക്കുകയും ബാധ്യത കൂടുകയും ചെയ്യാതിരിക്കാനാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഡ്രൈവര്‍ നിയമനത്തിനായുള്ള വ്യവസ്ഥകളില്‍ കെ.എസ്.ആർ.ടി.സി ഇക്കാര്യങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments