കണ്ണൂർ: ജില്ലയിലെ കുപ്രസിദ്ധനായ ഉരുളിക്കള്ളന്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി. മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് പാത്രങ്ങൾ കൊടുക്കുന്ന കടകളില്‍ കയറി ഓട്ടുരുളിയും വാങ്ങി മുങ്ങുന്ന യുവാവാണ് നീണ്ട അന്വേഷണത്തിന് ശേഷം അറസ്റ്റിലായത്. ഇരിക്കൂറിന് അടുത്ത് കോളോട്ട് വരത്തന്‍കണ്ടി വീട്ടില്‍ വി.കെ രോഹിത്താണ് (22) സംഭവത്തിൽ പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇയാളുടെ സഹായി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ മോഷ്ടിച്ചത്. വാടകയ്ക്ക് എന്ന പേരിൽ ഓട്ടുരുളികൾ വാങ്ങിച്ച ശേഷം മറിച്ചുവില്‍ക്കുകയായിരിക്കുന്നു ഇയാളുടെ രീതി. ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് ഇയാള്‍ ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുരുളികള്‍ വിറ്റത്. രോഹിത്ത് വില്‍പന നടത്തിയ 8 ഓട്ടുരുളികളും പൊലീസ് കണ്ടെത്തി.
അതേസമയം, ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികള്‍ വെറും ഒന്നരലക്ഷം രൂപയ്ക്കാണ് വിറ്റത്. ജീന്‍സും ഷര്‍ട്ടുമിട്ട് മാന്യനായി മോഷ്ടാക്കൾ കാറിലാണ് കടകളിൽ എത്തിയിരുന്നത്. ഉരുളി വിറ്റ പണവുമായി രോഹിത്തും കൂട്ടാളിയും പലയിടങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു.
Post Your Comments