
കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും, പണിമുടക്കരുതെന്നും ഉള്ള ഹൈക്കോടതിയുടെ വിധി അംഗീകരിക്കുന്നില്ലെന്ന് ഭാരത് പെട്രോളിയത്തിലെ തൊഴിലാളികൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് എറണാകുളം ബി.പി.സി.എല്ലിലെ സി.ഐ.ടി.യു യൂണിയൻ തൊഴിലാളികൾ പറഞ്ഞു. മാനേജ്‌മെന്റ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പണിമുടക്കിനെതിരെ ഉത്തരവ് നേടിയത്. ഇതിനെതിരെ നിയമനടപടി തേടും. തങ്ങളുടെ വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും സി.ഐ.ടി.യു പ്രതിനിധി അജി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് വിധി പ്രസ്താവിച്ചത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി അടക്കം അഞ്ച് തൊഴിലാളി യൂണിയനുകളുടെ സമരമാണ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജി പരിഗണിച്ച കോടതി തടഞ്ഞത്.
പണിമുടക്ക് നടന്നാൽ പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവ തടസ്സപ്പെടുമെന്ന്, ഭാരത് പെട്രോളിയം കോർപ്പറേഷന്റെ അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, ഹർജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
Post Your Comments