ഡൽഹി: ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളെ സംബന്ധിച്ചാണ് വിമര്‍ശനം. ഇസ്‌ലാമിക രാജ്യങ്ങളുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതവും, തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 48-ാം സമ്മേളനമാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്നത്. കശ്‍മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെ കുറിച്ചാണ് മന്ത്രിമാർ യോഗത്തില്‍ വിമര്‍ശനം ഉയർത്തിയത്. എന്നാല്‍, യോഗത്തിലെ പ്രസ്‍താവനകളും പ്രമേയങ്ങളും ഒരു സംഘടനയെന്ന നിലയില്‍ ഒ.ഐ.സിയുടെയും, അതിനെ കബളിപ്പിക്കുന്ന പാകിസ്ഥാന്റെയും അപ്രസക്തി വ്യക്തമാക്കുകയാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
‘യോഗത്തില്‍ ഇന്ത്യയെ കുറിച്ച് ഉണ്ടായ പ്രസ്‍താവനകള്‍ വസ്‍തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നെയുണ്ടെന്ന് വ്യക്തമായിട്ടുള്ള പാകിസ്ഥാനില്‍ വെച്ച്, ന്യൂനപക്ഷങ്ങളോടുള്ള ഇന്ത്യയുടെ സമീപനത്തെ കുറിച്ച് പ്രസ്താവിക്കുന്നത് വിരോധാഭാസമാണ്’ ഇന്ത്യ തുറന്നടിച്ചു. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും സ്വന്തം സല്‍പ്പേര് തന്നെയാണ് നശിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
Post Your Comments