തിരുവനന്തപുരം: വ്യാജ രേഖകള്‍ സമർപ്പിച്ച് വാഹന ഇൻഷുറൻസ് തട്ടിയെടുത്ത കേസിൽ അന്വേഷണം തലസ്ഥാനത്തെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിൽ ഇത്തരത്തിൽ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇൻഷുറൻസ് കമ്പനികള്‍ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ഈ സ്റ്റേഷനുകളിൽ അഞ്ച് കേസുകള്‍ ഇത്തരത്തിൽ വ്യാജമായി രജിസ്റ്റർ ചെയ്യപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഈ കേസുകള്‍ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ജനറൽ ഡയറിയും എഫ്ഐആറും മറ്റ് രേഖകളും കൈമാറാനായി ക്രൈംബ്രാഞ്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് നോട്ടീസ് നൽകി.
വ്യാജ അപകട കേസുകളുടെ മറവിൽ ഇൻഷുറൻസ് തട്ടിയെടുത്ത മൊത്തം 12 കേസുകളാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വ്യാജ രേഖകള്‍ ചമച്ച് ഇൻഷുറൻസ് തട്ടിയതുമായി ബന്ധപ്പെട്ട് ദിനംപ്രതി പുതിയ പരാതികള്‍ ക്രൈംബ്രാഞ്ചിനെ തേടിയെത്തുന്നുമുണ്ട്. അതിനാൽ തന്നെ, അന്വേഷണം കൂടുതൽ പൊലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിരത്തുകളിൽ വാഹന അപകടങ്ങള്‍ ഉണ്ടായെന്നും, അതിൽ പരിക്കേറ്റെന്നും വ്യാജ രേഖകൾ ഉണ്ടാക്കി കോടതിയിൽ സമർപ്പിച്ചാണ് പ്രതികൾ സമർത്ഥമായി ഇൻഷുറൻസ് തുക തട്ടിയെടുത്തത്.
Post Your Comments