ലക്നൗ: ഉത്തർപ്രദേശിൽ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4നാണ് ഇരുപതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന വമ്പൻ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പ്രൗഢഗംഭീരമായാണ് യോഗിയുടെ സത്യപ്രതിജ്ഞ ചടങ്ങെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പ്രമുഖ വ്യവസായികൾ, സന്യാസിമാർ, കശ്മീർ ഫയൽസിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും. ഇവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ചടങ്ങിൽ പങ്കെടുക്കും.
കശ്മീർ ഫയൽസിലെ അഭിനേതാക്കൾക്ക് പുറമെ അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ തുടങ്ങിയ താരങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അനൂപം ഖേറും വിവേക് അഗ്നിഹോത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. സ്റ്റേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ.പി.നദ്ദ, രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന കൂറ്റർ ബാനർ സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലെ ടർഫിൽ മാത്രം 20,000 പേർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഗാലറിയിലെ കസേരകളിലും ഇരിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെയുള്ള 403ൽ 273 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നത്. 41.9 ശതമാനം വോട്ട് ബിജെപി നേടുകയും ചെയ്തു. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
Post Your Comments