കൊച്ചി: ശ്രീലങ്കയുടെ അവസ്ഥ നാളെ കേരളത്തിനും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകൻ രഞ്ജിത് വിശ്വനാഥ് മേച്ചേരി. ടൂറിസവും പ്രവാസികളും തന്നെയാണ് സിലോണിന്റെയും സാമ്പത്തിക ഭദ്രതയുടെ പ്രധാന ഘടകങ്ങൾ. അതൊരിക്കലും ശ്വാശ്വതമല്ല എന്നാണ് ശ്രീലങ്ക നമുക്കിപ്പോൾ കാണിച്ചു തരുന്നതും. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞ പോലെ നോട്ടുകൾ കൂടുതൽ അടിച്ചിറക്കി.
നിത്യ ചെലവുകൾക്കും എടുത്ത വായ്‌പയുടെ പലിശ നൽകാനും വിദേശ വിപണികളിൽ നിന്നും വീണ്ടും വീണ്ടും കടമെടുത്തു. വരുമാനമുണ്ടാക്കാൻ വേണ്ടി ഒന്നും ചെയ്യാതെ, ചെലവിനുള്ളത് പോലും മറ്റുള്ളവരിൽ കടം വാങ്ങി ജീവിച്ചാൽ അവസാനം എന്തുണ്ടാവും എന്നതാണ് ശ്രീലങ്ക ഇപ്പൊ ലോകത്തിനെ കാണിച്ചു തരുന്നത്, എന്നദ്ദേഹം പറയുന്നു.
രഞ്ജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സിലോൺ പണ്ട് മലയാളികളുടെയടക്കം ഒരു സ്വപ്‍ന ഭൂമിയായിരുന്നു. ആ സിലോണിലെ ജനങ്ങളാണ് ഇന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പരക്കം പായുന്നത്. അവരുടെ സർക്കാരാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരോട് സഹായം ചോദിക്കുന്നത്.
ആരാന്റെ പറമ്പിലെ പുല്ലു കണ്ടു കൊള്ള പലിശക്ക് പശുവിനെ വാങ്ങി സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കാനും അധികാരം നില നിർത്താനും അവിടത്തെ അധികാരികൾ കൊതിച്ചതാണ് ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം..
മ്മടെ കേരളത്തെ പോലെ തന്നെ പട്ടിണി കുറവിലും ജനങ്ങളുടെ സന്തോഷത്തിലും മാനവിക വികസനത്തിലും എന്ന് വേണ്ട മികച്ച സാമ്പത്തിക ഭദ്രതയിൽ വരെ രണ്ടൂസം മുന്നേ വന്ന പോലുള്ള പ്രമുഖരുടെ സർവേകളിലെല്ലാം ഇന്ത്യയേക്കാൾ മുന്നിലാണ് എന്നും ഇതേ സിലോൺ എന്നോർക്കണം. എന്നാൽ അതെ ഇന്ത്യയിൽ നിന്നടക്കം ഭക്ഷണ സാധനങ്ങൾ സൗജന്യമായി ചെന്നാലേ ഇന്നിപ്പൊ അവിടുള്ളവരുടെ പട്ടിണി മാറി അവർക്ക് സർവ്വേകളിൽ പറയുന്ന സന്തോഷം വരൂ എന്നത് വേറെ കാര്യം..
മ്മളെ പോലെന്നെ ടൂറിസവും പ്രവാസികളും തന്നെയാണ് സിലോണിന്റെയും സാമ്പത്തിക ഭദ്രതയുടെ പ്രധാന ഘടകങ്ങൾ.
അതൊരിക്കലും ശ്വാശ്വതമല്ല എന്നാണു ശ്രീലങ്ക നമുക്കിപ്പോൾ കാണിച്ചു തരുന്നതും. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ മ്മടെ സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞ പോലെ നോട്ടുകൾ കൂടുതൽ അടിച്ചിറക്കി. നിത്യ ചെലവുകൾക്കും എടുത്ത വായ്‌പയുടെ പലിശ നൽകാനും വിദേശ വിപണികളിൽ നിന്നും വീണ്ടും വീണ്ടും കടമെടുത്തു..
വരുമാനമുണ്ടാക്കാൻ വേണ്ടി ഒന്നും ചെയ്യാതെ, ചെലവിനുള്ളത് പോലും മറ്റുള്ളവരിൽ കടം വാങ്ങി ജീവിച്ചാൽ അവസാനം എന്തുണ്ടാവും എന്നതാണ് ശ്രീലങ്ക ഇപ്പൊ ലോകത്തിനെ കാണിച്ചു തരുന്നത്.
ഉപ്പു തൊട്ടു കർപ്പൂരം വരെ മറ്റിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവർക്ക്, അതിനുള്ള അവസ്ഥ ഒരൂസം നിലച്ചു പോയാൽ എന്തായിരിക്കും സംഭവിക്കുക എന്നതും. ഇന്ന് ശ്രീലങ്ക ആണേൽ നാളെ ഇതേ അവസ്ഥയിൽ വരേണ്ടത് മ്മടെ പ്രബുദ്ധ കേരളമാണ്. സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ കൂടുതൽ നോട്ടടിക്കാൻ ഉപദേശം നൽകാൻ മാത്രമേ കേരളം ഭരിക്കുന്ന പാർട്ടിക്ക് കഴിയു എന്നത് കൊണ്ട് മാത്രം അക്കാര്യം നടന്നില്ല. ബാക്കിയെല്ലാം ഇന്നലെ ശ്രീലങ്ക ചെയ്‌തത് തന്നെയാണ് ഇന്ന് കേരളവും ചെയ്‌തു കൊണ്ടിരിക്കുന്നത്.
കടം വാങ്ങുക, ചെലവ് നടത്തുക..
വരുമാനമൊന്നും ഇല്ലേലും വലിയ വലിയ പദ്ധതികൾ പ്രഖ്യാപിക്കുക. അതിലേക്കെന്നും പറഞ്ഞു കോടികൾ കടമെടുക്കുക. അതിന്നു കോടികൾ കമ്മീഷനടിക്കുക. അവസാനം പദ്ധതി ഉണ്ടാവില്ല, എന്നാൽ അതിന്റെ പേരിലുള്ള കടം മാത്രം സംസ്ഥാനത്തിന്റെ പേരിൽ ബാക്കിയാവുകയും ചെയ്യും. അതിനാൽ തന്നെ ഇന്ന് ശ്രീലങ്കക്ക് സംഭവിച്ചതാണ് നാളെ കേരളത്തിലും സംഭവിക്കാനിരിക്കുന്നതും.
പക്ഷെ, കേരളം ഇന്ത്യയെന്ന രാജ്യത്തിന്റെ ഒരു ഭാഗമായതിനാലും ആ ഇന്ത്യയിൽ ഒരു സുസ്ഥിര ഭരണം നിലവിലുള്ളതിനാലും, കേരളത്തിലെ ജനങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനും ഉണ്ടെന്നതിനാലും, ശ്രീലങ്കയുടെ ഇപ്പോഴത്തെ അത്ര പരിതാപകരമായ അവസ്ഥ നമുക്ക് വരാൻ മോദി സർക്കാർ സമ്മതിക്കില്ല എന്ന് പ്രത്യാശിക്കാം.
ലോകം തിരിച്ചറിഞ്ഞ കമ്മ്യുണിസമെന്ന കൊടും വിഷത്തെ ഇന്നും തലയിലെടുത്തു സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്ന ആ തെറ്റു ഇനിയേലും മനസിലാക്കിയാല്‍ നമുക്കും, നമ്മുടെ അടുത്ത തലമുറക്കും ഉണ്ടുറങ്ങി മനസമാധാനത്തോടെ ഇവിടെന്നെ ജീവിക്കാം.
Post Your Comments