
ന്യൂഡൽഹി: കർണാടക മാതൃകയിൽ ബംഗ്ലാദേശിലും ക്ലാസ് മുറിയിൽ ബുർഖ നിരോധനം. സെൻബാഗിലെ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ബുർഖ ധരിക്കുന്നത് വിലക്കി മാനേജ്മെന്റ്. നോഖാലിയിലെ സെൻബാഗ് ഉപജില്ലയിലാണ് സംഭവം. ഈ മാസം ആദ്യമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ക്ലാസിൽ കയറിയ ശേഷം പെൺകുട്ടികൾ മുഖം മറയ്ക്കാൻ പാടില്ലെന്നായിരുന്നു മാനേജ്മെന്റ് ഉത്തരവ്. ഉത്തരവിന് പിന്നാലെ വ്യാപക പ്രതിഷേധം വിവിധയിടങ്ങളിൽ അരങ്ങേറി.
ഒടുവിൽ, മാനേജ്മെന്റ് ഉത്തരവ് പിൻവലിച്ചതായാണ് റിപ്പോർട്ട്. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമീപത്തെ ആൺകുട്ടികൾ ബുർഖ ധരിച്ച് പെൺകുട്ടികളുടെ ക്ലാസിലേക്ക് വരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു.
സ്കൂളിൽ പഠിക്കാത്ത പെൺകുട്ടികൾ പോലും ക്ലാസിൽ വരാറുണ്ട്. പെൺകുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് സ്‌കൂൾ അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബുർഖ നിരോധനത്തെക്കുറിച്ച് നോട്ടീസിൽ പറയുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവം നടന്ന്, രണ്ടാഴ്ച കഴിഞ്ഞും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്. നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, ആശയക്കുഴപ്പത്തെ തുടർന്നാണ് ഉത്തരവ് പിൻവലിക്കേണ്ടി വന്നതെന്നും അധികൃതർ അറിയിച്ചു.
Post Your Comments