ദോഹ: സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ച രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. ഖത്തറിൽ സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരെയും കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിനെതിരെയുമാണ് നടപടി സ്വീകരിച്ചതെന്ന് ഖത്തർ വ്യക്തമാക്കി. ഖത്തർ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് ലഭ്യമാക്കേണ്ട തൊഴിൽ തസ്തികകളിൽ മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് പെർമിറ്റ് വാങ്ങാതെ പ്രവാസികളെ നിയമിച്ചതായി അധികൃതർ കണ്ടെത്തി. സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ സ്വദേശിവത്കരണം സംബന്ധിച്ച് രാജ്യത്ത് നടപ്പാക്കേണ്ട നയങ്ങൾ ലംഘിക്കുകയും അവയിൽ കൃത്രിമം കാണിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവത്കരിച്ച തൊഴിലുകളിൽ പ്രവാസികളെ നിയമിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിബന്ധനകളും പ്രകാരം തൊഴിൽ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വേണം. ഈ തസ്തികകയിൽ ജോലി ചെയ്യാൻ യോഗ്യരായ സ്വദേശികൾ ആരും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മാത്രമേ പ്രവാസികളെ നിയമിക്കാൻ അനുമതി നൽകൂ.
Post Your Comments