ഉക്രൈൻ അധിനിവേശം മൂന്ന്, നാല് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടൽ തെറ്റിയതോടെ, പ്രസിഡന്റ് വ്ലാദിമർ പുടിൻ ഉഗ്രരൂപം പൂണ്ടു. ഉക്രൈനെ കീഴടക്കാൻ ദിവസങ്ങൾ മാത്രം മതിയെന്ന് നിരീക്ഷിച്ച സൈനിക മേധാവികൾക്കെതിരെ പുടിൻ നടപടി സ്വീകരിച്ചു. ഉക്രൈനെ വെറും ചീള് കേസായി കണ്ടവർക്ക് ഇതോടെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. എട്ട് റഷ്യൻ മേധാവികളുടെ സ്ഥാനം തെറിച്ചു. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉയർന്ന ഉദ്യോസ്ഥരും പുടിന്റെ ‘ശിക്ഷയ്ക്ക്’ വിധേയരായി.
Also Read:പ്രവാസി ഡോക്ടറെ ബലാൽസംഗം ചെയ്ത സംഭവം: മലയൻകീഴ് സിഐയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അധികൃതർ
രണ്ട് ദിവസം കൊണ്ട് ഉക്രൈൻ പിടിച്ചടക്കാമെന്ന റഷ്യയുടെ ധാരണ തെറ്റുകയായിരുന്നു. റഷ്യയുടെ സൈനിക ശക്തിയുടെ 20 ശതമാനം പോലും ഉക്രൈന് ഇല്ലെന്നിരിക്കെ, സൈനിക കേന്ദ്രങ്ങൾ അതിവേഗം കീഴ്പ്പെടുത്താനാകുമെന്നായിരുന്നു പുടിനെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നത്. എന്നാൽ, കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. സെലൻസ്കിയുടെ യുദ്ധ തന്ത്രം പലയിടങ്ങളിലും റഷ്യക്ക് വലിയ തിരിച്ചടിയുണ്ടാക്കി. പുടിന്റെ തന്ത്രങ്ങൾ പാളി. സാധാരണ മനുഷ്യര്‍ അടക്കം ഉക്രയ്‌നൊപ്പമുണ്ടായിരുന്നു. സെലെൻസ്കിയുടെ യുദ്ധ തന്ത്രത്തിൽ വിറളി പൂണ്ട് പരിഭ്രാന്തരായ റഷ്യ മാരകായുധങ്ങളുമായി സിവിലിയന്‍മാര്‍ക്കും ആശുപത്രികള്‍ അടക്കമുള്ള ഇടങ്ങള്‍ക്കും നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു.
എട്ട് റഷ്യൻ സൈനിക ജനറലുകളെ പുറത്താക്കിയതിന് പിന്നാലെ, യുദ്ധ തന്ത്രങ്ങൾ മാറ്റിയിരിക്കുകയാണ് റഷ്യ. പുതിയ ആൾക്കാരെ നിയമിച്ചു. ഉക്രൈനെ കീഴ്പ്പെടുത്താൻ റഷ്യൻ സൈനിക മേധാവികൾ തന്ത്രങ്ങൾ എല്ലാം പയറ്റുകയാണ്. ഉക്രൈൻ ദുർബലമാണെന്നും ആക്രമിക്കപ്പെട്ടാൽ എളുപ്പത്തിൽ കീഴടങ്ങുമെന്നും പറഞ്ഞതിന്, എഫ്എസ്ബിയുടെ കമാൻഡർമാരോട് റഷ്യൻ പ്രസിഡന്റ് പ്രകോപിതനായതായി റിപ്പോർട്ടുകളുണ്ട്. ഒരു മാസമാകുന്നു യുക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടിട്ട്. ഇതുവരെ ഉക്രൈനിൽ ആധിപത്യം സ്ഥാപിക്കാന് റഷ്യയ്ക്കായിട്ടില്ല എന്നത് നാണക്കേട് ആയിട്ടാണ് ലോകരാഷ്ട്രങ്ങൾ വിലയിരുത്തുന്നത്.
Post Your Comments