തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് സി ഐ സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. ഇയാൾ ഇപ്പോൾ അവധിയിലാണ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റാണ് സൈജു. മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടർ, ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്നം പരിഹരിക്കാൻ മലയിൻകീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്.
യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയശേഷം ഇയാൾ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പിന്നീട്, 2019ൽ കുട്ടികൾ ഉണ്ടാകാതിരുന്നതിനെ തുടർന്ന് നടത്തിയ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് ബലാൽസംഗം ചെയ്തതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട്, ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. അതേസമയം, സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ ഭർത്താവ് ഇവരെ ഉപേക്ഷിക്കുകയും പിന്നീട് വിദേശത്തേക്ക് പോകാൻ ഇവർക്ക് സാധിക്കാതാകുകയും ചെയ്തു.
തുടർന്നും, ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ, സൈജുവിന്റെ ഭാര്യയും ബന്ധുക്കളും അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറയുന്നു. ഇയാൾക്കെതിരെ റൂറൽ എസ്പിയ്ക്ക് പരാതിനൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല. കേസെടുക്കാതിരിക്കാനും ഇയാളെ രക്ഷിക്കാനും അധികൃതർ ശ്രമിച്ചതായും ഇവർ പറയുന്നു. പൊലീസിന്റെ ഈ പ്രവർത്തനം പുറത്തായതോടെ, ശനിയാഴ്ച രാത്രി ഡോക്ടറിന്റെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തു.അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. കേസ് ഉടൻ ക്രൈം ബ്രാഞ്ചിലേക്ക് മാറും.
Post Your Comments