ബെംഗളൂരു: ഹിന്ദുക്കൾ ഒന്നിച്ചാൽ ‘ഭഗ്വ ദ്വജ്’ (കാവി പതാക) ദേശീയ പതാകയാകുമെന്ന വിവാദ പരാമർശവുമായി ആർ.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട്. ഭാവിയിൽ എന്നെങ്കിലും കാവി പതാക നമ്മുടെ ദേശീയ പതാകയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ കുറ്റാറിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ഹിന്ദു ഐക്യത്തിനായുള്ള കൂറ്റൻ കാൽനട മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടി പ്രഖ്യാപിച്ച ദേശീയ പതാകയെ താൻ ബഹുമാനിക്കുമെന്നും വന്ദേമാതരം നിരസിച്ചതിന് ശേഷമാണ് ദേശീയ ഗാനത്തിന് അന്തിമരൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു
‘ഹിന്ദു സമാജം ഒന്നിച്ചാൽ അത് സംഭവിക്കാം, സംഭവിക്കണം. ഇപ്പോഴത്തെ ത്രിവർണ്ണ പതാകയ്ക്ക് മുമ്പുള്ള പതാക ഏതാണ്? ബ്രിട്ടീഷ് പതാക നേരത്തെ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പതാക ഒരു പച്ച നക്ഷത്രവും ചന്ദ്രനുമായിരുന്നു. ഭൂരിപക്ഷം ആളുകളും ദേശീയ പതാക മാറ്റുന്നതിനെ അനുകൂലിച്ച് പാർലമെന്റിലും രാജ്യസഭയിലും വോട്ട് ചെയ്താൽ പതാക മാറ്റാൻ സാധിക്കും’, ഡോ. ഭട്ട് വിശദീകരിച്ചു.
നേരത്തെ, മുതിർന്ന ബിജെപി നേതാവും കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പയും സമാന അഭിപ്രായം നടത്തിയിരുന്നു. ഇപ്പോഴുള്ള ത്രിവർണ്ണ പതാകയെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളിൽ കാവി പതാകയുണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? ഇപ്പോൾ അത് (ത്രിവർണ്ണ പതാക) നമ്മുടെ ദേശീയ പതാകയായിമാറിയിരിക്കുന്നു, അതിന് എന്ത് ബഹുമാനമാണ് നൽകേണ്ടത്? ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകും. ഭാവിയിൽ അതിനൊരു ദിവസമുണ്ടാകും’, ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
അതേസമയം, ഇപ്പോൾ നടക്കുന്ന ഹിജാബ് വിവാദം ജിഹാദിന്റെ ഒരു രൂപമാണെന്ന് ഭട്ട് അവകാശപ്പെട്ടു. കിതാബിനെക്കാൾ ഹിജാബ് തിരഞ്ഞെടുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാനിയ മിർസയെയും എഴുത്തുകാരി സാറ അബൂബക്കറെയും പോലുള്ള സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിന് എതിരായപ്പോൾ, ചില മുസ്ലീം പെൺകുട്ടികൾ ക്ലാസിൽ ഹിജാബ് ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് തനിക്ക് വിചിത്രമായി തോന്നുന്നു എന്നായിരുന്നു ഭട്ട് പറഞ്ഞത്. ഹിജാബ് വിഷയത്തിൽ, കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന മുസ്ലീം വ്യാപാരികൾ അടുത്തിടെ കടകൾ അടപ്പിച്ചത് വർഗീയ വിദ്വേഷം വളർത്താനുള്ള നടപടിയാണെന്നും അത്തരം നടപടി രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments