ധനുഷ്‌കോടി: ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലെ അരിചാൽമുനൈ വരെ 28.5 കിലോമീറ്റർ ദൂരം നീന്തിയെത്തിയ 13 കാരി ജിയ റായ് ആണ് സോഷ്യൽ മീഡിയയിലെ താരം. മുംബൈക്കാരിയായ ജിയ ഓട്ടിസം ബാധിച്ച കുട്ടിയാണ്. നേവി ഉദ്യോഗസ്ഥന്റെ മകളായ ജിയ 13 മണിക്കൂർ കൊണ്ടാണ് ശ്രീലങ്കയിൽ നിന്നും കടൽ മാർഗം നീന്തി ധനുഷ്‌കോടിയിൽ എത്തിയത്.
ശ്രീലങ്കയിൽ നിന്നും ഇന്ത്യൻ അധികൃതരിൽ നിന്നും അനുവാദം വാങ്ങിയ ശേഷം മാർച്ച് 20 ഞായറാഴ്ച പുലർച്ചെ 4.22 ന് ആയിരുന്നു ജിയ തന്റെ യാത്ര ആരംഭിച്ചത്. വൈകുന്നേരം 5.32 ന് അരിചാൽമുനൈയിലെത്തി. തമിഴ്‌നാട് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ശൈലേന്ദ്ര ബാബു, ജിയയെ സ്വീകരിക്കാനായി സ്ഥലത്ത് എത്തിയിരുന്നു. ജിയയെ ഇത്തരമൊരു അവസ്ഥയിലും, തന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്ന മാതാപിതാക്കളെ ഡി.ജി.പി അഭിനന്ദിച്ചു.
‘കടൽ പാമ്പുകളും സ്രാവുകളും ജെല്ലിഫിഷുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ കടലിന്റെ ഒഴുക്ക് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഇതെല്ലാം തരണം ചെയ്ത് ജിയ റായി നീന്തിക്കയറി. അത് തീർച്ചയായും അഭിനന്ദിക്കേണ്ടതാണ്’, ശൈലേന്ദ്ര ബാബു പറഞ്ഞു. നീന്തൽ യാത്രയിൽ പെൺകുട്ടിക്ക് വേണ്ട സഹായം നൽകാൻ ശ്രീലങ്കൻ നാവികസേന തയ്യാറായി. അവർ പെൺകുട്ടിക്ക് സംരക്ഷണം നൽകി. സമുദ്രാതിർത്തിയിൽ വെച്ച് ജിയയുടെ സംരക്ഷണം ഇന്ത്യൻ തീരസംരക്ഷണ സേന ഏറ്റെടുക്കുകയായിരുന്നു.
Post Your Comments