Latest NewsIndiaInternational

അടുത്ത 5 വർഷം കൊണ്ട് ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: ജപ്പാൻ

ഭീകരപ്രവർത്തനം വേരോടെ പിഴുതെറിയുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം

ന്യൂഡൽഹി: അടുത്ത 5 വർഷം കൊണ്ട്, ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികൾക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകർ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞു.

ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി ഇരു നേതാക്കളും അംഗീകരിച്ചു. ആസിയാൻ, പസഫിക് ദ്വീപ് രാജ്യങ്ങളിലേക്കും അത്തരം സഹകരണം വിപുലീകരിക്കാൻ ധാരണയായി. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണ പദ്ധതികളുടെ പ്രാധാന്യം പ്രധാനമന്ത്രിമാർ ആവർത്തിച്ചു. അതേസമയം, തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് ഇന്ത്യയും ജപ്പാനും ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനം വേരോടെ പിഴുതെറിയുന്നതിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

ഭീകരതയുടെ വർദ്ധിച്ചുവരുന്ന ഭീഷണിയിൽ പ്രധാനമന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തുകയും, ഭീകരതയെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്‌ട്ര തലവൻമാരും ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളിലും ഇരുപക്ഷവും ഒപ്പുവച്ചു.

സൈബർ സുരക്ഷാ രംഗത്ത് സഹകരണത്തിനും വിവര കൈമാറ്റത്തിനുമുള്ള ധാരണാപത്രം, പൊതുഗതാഗത സംവിധാനം, കുടിവെള്ള പദ്ധതികൾ, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ രംഗത്തേക്കുള്ള 7 ജപ്പാൻ വായ്പ പദ്ധതികളുടെ കരാർ, വീടുകളിലെ മാലിന്യം സംസ്‌ക്കരിക്കാനുള്ള പദ്ധതി,വ്യവസായ രംഗത്തെ സഹകരണത്തിനുള്ള കരാർ,സുസ്ഥിര നഗര വികസന പദ്ധതികൾക്കുള്ള കരാർ എന്നിവയാണ് ആറു കരാറുകൾ.

പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഫ്യൂമിയോ കിഷിദയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാർഷിക ചർച്ചയുടെ 14ാം പതിപ്പാണ് ഇന്നലെ നടന്നത്. കൂടാതെ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം കൂടിയാണ് ഈ വർഷം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button