ഇസ്ലാമാബാദ്: പാക് ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാന്‍, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച 1.5 ബില്യണ്‍ ഡോളറിന്റെ സബ്സിഡി പാക്കേജിന് എങ്ങനെ ധനസഹായം നല്‍കുമെന്നു വിശദീകരിക്കാന്‍ രാജ്യാന്തര നാണയനിധി ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ ധനമന്ത്രി ഷൗക്കത്ത് തരിന്‍ മാധ്യമങ്ങളോടു പറഞ്ഞു. 2019ല്‍ പാകിസ്ഥാനുമായി ധാരണയിലായ 6 ബില്യണ്‍ ഡോളറിന്റെ രക്ഷാ പാക്കേജിന്റെ ഏഴാമത്തെ അവലോകന യോഗത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. നാലു മാസത്തേക്കാണ് രാജ്യത്ത് ഇന്ധന, വൈദ്യുതി വിലവര്‍ധന മരവിപ്പിച്ചത്.
ദുരിതാശ്വാസ പാക്കേജിനെ കുറിച്ചുള്ള ഐഎംഎഫ് ആശങ്കകള്‍ പരിഹരിക്കുമെന്നു നേരത്തെ തന്നെ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ പാക്കേജിനു പണം കണ്ടെത്താന്‍ തങ്ങള്‍ക്ക് സാമ്പത്തിക സ്രോതസ് ഉണ്ടെന്നും, പണത്തിന്റെ വിശദാംശങ്ങള്‍ രാജ്യാന്തര നാണയനിധിക്ക് ഇതിനകം തന്നെ കൈമാറിയെന്നും പാക് ധനമന്ത്രി പറഞ്ഞു.
രാജ്യം ഭരിക്കാന്‍ വിദേശ ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നതിനെതിരെ, വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യാന്തര നാണയനിധിയില്‍നിന്ന്, വായ്പകളുടെ ഏഴാം ഘട്ടത്തിനു പാക്കിസ്ഥാന്‍ അനുമതി തേടിയത്. സാമ്പത്തിക നില തകര്‍ന്നതിന്റെ ഫലമായി പാകിസ്ഥാനില്‍ ഇന്ധനവിലയും വൈദ്യുതി നിരക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
Post Your Comments