കുട്ടികള്‍ക്ക് ഇത് പരീക്ഷാക്കാലമാണ്. മിക്കവര്‍ക്കും പരീക്ഷ എന്നു കേള്‍ക്കുമ്പോഴും അഭിമുഖീകരിക്കുമ്പോഴും എന്തെന്നില്ലാത്ത ഭീതിയുണ്ടാകാറുണ്ട്. പ്രൈമറി വിഭാഗം മുതല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വരെ പരീക്ഷയെ പേടിക്കുന്നു.
പരീക്ഷയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് പല കുട്ടികളും പാഠഭാഗങ്ങള്‍ പഠിച്ചു കൂട്ടുന്നത്.
പഠനത്തിന്റെ ആദ്യ പടി തന്നെ അതിനോടുള്ള താല്‍പര്യമാണ്. താല്‍പര്യം ഉണ്ടായാല്‍ ശ്രദ്ധാ ശക്തിയും ഓര്‍മ ശക്തിയും തനിയെ ഉളവാകും.
നമ്മളില്‍ പലരും പലവിധത്തില്‍ പഠിക്കുന്നവരായിരിക്കും. ചിലര്‍ക്ക് വായനയിലൂടെ പെട്ടെന്ന് ഗ്രഹിക്കാന്‍ കഴിയുമ്പോള്‍ മറ്റു ചിലര്‍ക്ക് എത്ര വായിച്ചാലും ഗ്രഹിക്കാന്‍ കഴിയുന്നില്ല. ചിലര്‍ക്ക് ക്ലാസ് കേട്ടാല്‍ തന്നെ കാര്യങ്ങള്‍ മനസ്സില്‍ ഉറച്ച് നില്‍ക്കും. അതുകൊണ്ടുതന്നെ ‘ശ്രദ്ധ’ എന്നത് പ്രധാന ഘടകമാണ്.
പഠനത്തില്‍നിന്നു ശ്രദ്ധ വിട്ടു പോകുമ്പോഴൊക്കെ ഒരു കോണ്‍സന്‍ട്രേഷന്‍ സ്‌കോര്‍ ഷീറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നതു കൂടുതല്‍ സമയം ഏകാഗ്രത കിട്ടാന്‍ സഹായകരമാകും.
തനിക്ക് ഏറ്റവും കൂടുതല്‍ ഏകാഗ്രത കിട്ടുന്ന സ്ഥലങ്ങളെയും സമയങ്ങളെയും തിരിച്ചറിഞ്ഞ് അവയെ കൂടുതല്‍ പരിശ്രമം വേണ്ട വിഷയങ്ങളും പാഠങ്ങളും വായിക്കാന്‍ മാറ്റിവയ്ക്കുന്നതു ഫലപ്രദമാണ്.
പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ല ശീലമല്ല. പഠിച്ചത് ഓര്‍ത്തെടുക്കാന്‍ നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും എല്ലാ അവയവങ്ങളും പൂര്‍ണ വിശ്രമത്തിലാകും. ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ലഭിക്കണം. രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക.
Post Your Comments