എറണാകുളം: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ, ഇന്ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കും. നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായോ എന്നാണ് സംഘം പ്രധാനമായും പരിശോധിക്കുക.
അപകടത്തിൽ മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോർട്ടം പുരോഗമിക്കുകയാണ്. നാളെ മൃതദേഹങ്ങൾ വിമാന മാർഗ്ഗം നോർത്ത് 24 പർഗാനാസിൽ എത്തിക്കും. ഇതിനുള്ള നടപടികൾ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് കുന്ന് നികത്തിയ മണ്ണാണ് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. ഇത് ഉൾപ്പെടെ അപകടവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. അഗ്നിശമന സേന, റവന്യൂ വകുപ്പ്, പൊലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുക. അഞ്ച് ദിവസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കും.
Post Your Comments