തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ നടി ഭാവനയെ പങ്കെടുപ്പിച്ച സർക്കാർ തീരുമാനത്തിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഭാവന എന്ന അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന ആദരവ് ആണിതെന്ന് പത്രപ്രവർത്തകയും ഡോക്യുമെന്ററി സംവിധായികയുമായ മനില സി മോഹൻ പറയുന്നു. കാലം മാറി എന്നതിന്റെ തെളിവാണിതെന്നും, ലൈംഗികാക്രമണം നടത്തുന്ന ആണ്‍ബോധത്തോട് ഒരു സര്‍ക്കാര്‍ നല്‍കുന്ന അതിശക്തവും രാഷ്ട്രീയവുമായ മുന്നറിയിപ്പാണെന്നും മനില വ്യക്തമാകുന്നു.
’26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ സര്‍പ്രൈസ് ഗസ്റ്റായി അഭിനേത്രി ഭാവന എത്തി. ഭാവനയെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വലിയ തീരുമാനത്തിന് അഭിവാദ്യങ്ങള്‍. അത് സംസ്ഥാന സര്‍ക്കാര്‍ ഭാവന എന്ന അതിജീവിതയ്ക്ക് നല്‍കുന്ന ആദരവാണ്. കാലം മാറി എന്ന പ്രഖ്യാപനമാണ്. ലൈംഗികാക്രമണം നടത്തുന്ന ആണ്‍ബോധത്തോട് ഒരു സര്‍ക്കാര്‍ നല്‍കുന്ന അതിശക്തവും രാഷ്ട്രീയവുമായ മുന്നറിയിപ്പും താക്കീതുമാണ്. മാറാതിരിക്കാന്‍ സിനിമയ്ക്ക്, സിനിമ നിര്‍മിക്കുന്ന തലച്ചോറുകള്‍ക്ക് ഇനി കഴിയില്ല എന്ന പ്രതീക്ഷയാണിത്. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീകളും കുഞ്ഞുങ്ങളും സര്‍ക്കാര്‍ വേദിയിലെ ഭാവനയുടെ സാന്നിദ്ധ്യത്തെ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കും, കാണും, അനുഭവിക്കും’, മനില സി മോഹൻ വ്യക്തമാക്കി.
അതേസമയം, ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു. ‘പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത് വേദിയിലേക്കു സ്വാഗതം ചെയ്തത്. വർഷങ്ങൾക്ക് ശേഷം ഒരു പൊതു ചടങ്ങിൽ പങ്കാളിയായ ഭാവനയെ വലിയ കരഘോഷങ്ങളോടെയാണ് ചടങ്ങിനെത്തിയവർ സ്വീകരിച്ചത്.
Post Your Comments