മുംബൈ: ഐപിഎല്‍ 15-ാം സീസണിന് മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ ജയന്‍റ്‌സിന് തിരിച്ചടി. കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ വുഡിന് ഐപിഎല്‍ നഷ്‌ടമാകുമെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎനാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക്ക് വുഡിനെ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ. ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന ലഖ്‌നൗ ഫ്രാഞ്ചൈസിക്ക് വുഡിന്‍റെ അസാന്നിധ്യം തിരിച്ചടിയാവും. ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്‍റെ നായകന്‍ കെഎല്‍ രാഹുലാണ്.
മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെ ഐപിഎല്‍ 2022ന് തുടക്കമാവും. കോവിഡ് വ്യാപനം കണക്കിലെടുത്ത് മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും നടക്കും. മെയ് 29നാണ് കലാശപ്പോര്.
Post Your Comments