കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ കുറ്റവിമുക്തനാക്കി. വിടുതൽ ഹർജി അംഗീകരിച്ചാണ് മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. എന്നാൽ, തനിക്ക് നീതി കിട്ടിയെന്നും അഞ്ചേരി ബേബിയെ കണ്ടിട്ട് പോലുമില്ലെന്നും മണി പറഞ്ഞു. നേരത്തെ വിടുതൽ ഹർജിയുമായി എം എം മണി സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം എം മണിയെ കൂടാതെ ഒ ജി മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ.
2012 മെയ് മാസത്തിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിൽ മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982 ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം എം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എം എം മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കഴിയേണ്ടി വന്നു.
Post Your Comments