ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡയും ലുങ്കി എങ്കിഡിയും ഐപിഎൽ 2022 സീസണിൽ കളിക്കും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കിയാണ് താരങ്ങൾ ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്. നേരത്തെ, രാജ്യത്തിനായി കളിക്കണോ ഐപിഎല്ലില്‍ കളിക്കണോയെന്ന് കളിക്കാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം നായകന്‍ ഡീന്‍ എല്‍ഗാർ നിര്‍ദേശിച്ചിരുന്നു.
ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. മാര്‍ച്ച് 18നാണ് പരമ്പര ആരംഭിക്കുന്നത്. 18, 20, 23 തീയതികളില്‍ ഏകദിന പരമ്പര നടക്കും. മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 12വരെയാണ് ടെസ്റ്റ് പരമ്പര. 11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. ഇതില്‍ ആറ് പേര്‍ ടെസ്റ്റ് ടീമിലെയും മൂന്ന് പേര്‍ എകദിനങ്ങളിലെയും സ്ഥിരം സാന്നിധ്യങ്ങളാണ്.
Read Also:- ജയിച്ചിട്ടും എടികെ പുറത്ത്: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് ഫൈനല്‍
റബാഡക്കും എങ്കിഡിക്കും പുറമെ ആന്‍റിച്ച് നോര്‍ക്യ, മാര്‍ക്കോ ജാന്‍സണ്‍, ബാറ്റര്‍മാരായ ഏയ്ഡന്‍ മാര്‍ക്രം, റാസിന്‍ വാന്‍ഡര്‍ ദസ്സന്‍, ഓള്‍ റൗണ്ടര്‍മാരായ ഡ്വയിന്‍ പ്രിട്ടോറിയസ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഐപിഎല്ലിലെ വിവിധ ടീമുകളുടെ നിര്‍ണായക താരങ്ങളാണ്. ഇതില്‍ റബാഡക്കും എങ്കിഡിക്കും പുറമെ പേസര്‍ മാര്‍ക്കോ ജാന്‍സണും ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎല്ലില്‍ കളിക്കുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments