തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിന് എത്ര അപേക്ഷകൾ ലഭിച്ചു, അനുവദിച്ച ധനസഹായം എത്ര എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി റവന്യു വകുപ്പ്. മെയ് 2016 മുതൽ ജനുവരി 20, 2022 വരെ എത്ര അപേക്ഷകൾ ലഭിച്ചു, ധനസഹായം അനുവദിച്ച അപേക്ഷകളുടെ എണ്ണം എത്ര തുടങ്ങിയ വിവരാവകാശ ചോദ്യങ്ങൾക്ക് വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് റവന്യു (ഡിആർഎഫ്-എ) വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച അകെ തുക, ഗുണഭോക്താക്കളുടെ എണ്ണം, തീർപ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം എന്നിവയായിരുന്നു മറ്റു ചോദ്യങ്ങൾ. അപ്പീൽ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും, സ്‌പെഷ്യൽ സെക്രട്ടറി കൂടിയായ അപ്പീൽ അധികാരി മാർച്ച് 8 നൽകിയ മറുപടിയിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ പറഞ്ഞത് ശരിവെക്കുകയായിരുന്നു.
എല്ലാം സുതാര്യമാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ തന്നെ ദുരിതാശ്വാസ നിധിയെ പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ പോലും ലഭ്യമല്ലെന്നത് വിചിത്രമാണ് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ മുതൽ ധനസഹായ വിതരണം കൈകാര്യം ചെയ്യുമ്പോൾ ഈ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കും, എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നത് വ്യക്തമാക്കണം. സംസ്ഥാന വിവരാവകാശ കമ്മീഷനെ ഉടൻ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments