തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാര സമാപന സമ്മേളനം പൊതുജനങ്ങൾക്ക് നൽകുന്നത് വലിയ ഒരു സന്ദേശമാണെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാഴ്ച്ചയുടെ നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്ന ഗ്ലോക്കോമ എന്ന രോഗത്തെപ്പറ്റി പൊതുജനങ്ങൾക്ക് അബോധം ഉണ്ടാകുവാനും അതുവഴി, ഒരു പരിധി വരെയെങ്കിലും ഈ രോഗം മൂലമുള്ള കാഴ്ചക്കുറവ് തടയാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ഗ്ലോക്കോമ വാരാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ പൊതുജനങ്ങൾ പങ്കെടുത്ത എയറോബിക് ഫിറ്റ്നസ് ഡാൻസോട് കൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത്. നിത്യപ്രകാശം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. നിത്യപ്രകാശം പദ്ധതിയിൽ 1233 പോലീസുകാരുടെ നേത്ര പരിശോധന പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ നടത്തുകയുണ്ടായി. ഗ്ലോക്കോമ ബോധവൽക്കരണ ശപഥം കണ്ണാശുപത്രി ഡയറക്ടർ ഡോ. ഷീബ, സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ എന്നിവർ ചൊല്ലി കൊടുത്തു.
Also Read:ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധം, കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് അമീറെ ശരിയത്ത്
സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഡോക്ടർ സുശീല പ്രഭാകരൻ, എസ് ഗോപിനാഥ്, ഡോക്ടർ ഷീബ, ഡോക്ടർ ചിത്ര, ഡോക്ടർ ദേവിൻ പ്രഭാകർ, ഡോക്ടർ ജോൺ പണിക്കർ, ഡോക്ടർ എം.എസ് ജയ ശേഖർ, ഡോക്ടർ കവിത ദേവിൻ, മഞ്ജു പിള്ള, എബി ജോർജ്, മനോജ് ടീ, മറിയം ജിബു, ജോളിജോബ്, ഗോകുൽ ഗോവിന്ദ്, വർഗീസ് ബാബു, ഡിംപിൾ മോഹൻ, ദേവി മോഹൻ, ഡോക്ടർ സിമി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
സ്വസ്തി ഫൗണ്ടേഷൻ, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, ദിവ്യപ്രഭ കണ്ണാശുപത്രി, എസ്.എൻ യുനൈറ്റഡ് മിഷൻ ഇൻറർനാഷണൽ, ട്രിവാൻഡ്രം റൈഫിൾ അസോസിയേഷൻ, LNCPE, YWCA എന്നീ സംഘടനകൾ ചേർന്നാണ് പരുപാടി സംഘടിപ്പിച്ചത്. കാഴ്ച്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമ എന്ന നേത്ര രോഗത്തെപ്പറ്റി പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ എല്ലാ വർഷവും നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ് വേൾഡ് ഗ്ലോക്കോമ വാരം. ആരംഭദശയിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് ഗ്ലോക്കോമ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടാൻ സാധ്യത കുറവായതുകൊണ്ട് നല്ല കാഴ്ച ഉള്ളപ്പോൾ തന്നെ ഒരു സമ്പൂർണ നേത്ര പരിശോധന നടത്തി ഈ അസുഖം സുഖമുണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
Post Your Comments